News

ജയിലില്‍ കിടന്ന് അരവിന്ദ് കെജ്രിവാളിന്റെ ഭാരം കുറഞ്ഞു: ആം ആദ്മി

ന്യൂഡല്‍ഹി: ജയിലില്‍ കിടന്ന് അരവിന്ദ് കെജ്രിവാളിന്റെ ഭാരം കുറഞ്ഞുവെന്ന ആരോപണവുമായി ആം ആദ്മി. മാര്‍ച്ച് 21ന് ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കെജ്രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞുവെന്നാണ് ഡല്‍ഹി മന്ത്രിസഭാംഗവും ആം ആദ്മി നേതാവുമായ അതിഷി ആരോപിച്ചത്.

Read Also: ജാതക പൊരുത്തം നോക്കി വിവാഹം കഴിക്കുനതിനോട് യോജിപ്പില്ല, അങ്ങനെ നോക്കി കഴിച്ചിട്ട് ഡിവോഴ്‌സ് ആയി: നടി ചിത്ര

ഇത്തരത്തില്‍ വളരെ പെട്ടെന്ന്‌
ഭാരം കുറയുന്നത് കെജ്രിവാളിന്റെ ആരോഗ്യസ്ഥിതി അപകടത്തിലാക്കുമെന്നും, ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചു എന്നും അതിഷി പറയുന്നു.

‘ബിജെപിയാണ് കെജ്രിവാളിന്റെ ആരോഗ്യം അപകടത്തിലാക്കുന്നത്. അരവിന്ദ് കെജ്രിവാള്‍ കടുത്ത പ്രമേഹരോഗം ഉള്ളയാളാണ്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും 24 മണിക്കൂറും രാജ്യത്തിന് വേണ്ടി സേവനം ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. അറസ്റ്റ് ഉണ്ടായതിന് ശേഷം കെജ്രിവാളിന്റെ ശരീരഭാരം 4.5 കിലോയാണ് കുറഞ്ഞത്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഈ രാജ്യം മാത്രമല്ല, ദൈവം പോലും നിങ്ങളോട് പൊറുക്കില്ലെന്നും’ അതിഷി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.

എന്നാല്‍ അതിഷിയുടെ വാദങ്ങള്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നിഷേധിച്ചു. ജയിലില്‍ എത്തുമ്പോള്‍ 55 കിലോ ആയിരുന്നു കെജ്രിവാളിന്റെ ശരീരഭാരം. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലും യാതൊരുവിധ പ്രശ്നങ്ങളുമില്ല. ഷുഗര്‍ ലെവല്‍ നിലവില്‍ സാധാരണ നിലയിലാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഷുഗര്‍ ലെവലില്‍ വ്യതിയാനം വന്നതോടെ ജയിലില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു കെജ്രിവാള്‍.

24 മണിക്കൂറും സെല്ലില്‍ ഘടിപ്പിച്ച സിസിടിവി ക്യാമറ വഴി കെജ്രിവാളിനെ നിരീക്ഷിക്കുന്നുണ്ട്. ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ് കെജ്രിവാള്‍. കഴിഞ്ഞ ദിവസം ഭാര്യ സുനിതയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാനുള്ള സൗകര്യം ജയില്‍ അധികൃതര്‍ ഒരുക്കി നല്‍കിയിരുന്നു. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ കെജ്രിവാളിന് അനുമതി നല്‍കിയതായും ജയില്‍ അധികൃതര്‍ പറയുന്നു. ജയിലില്‍ കാണാന്‍ ആഗ്രഹിക്കുന്ന ആറ് പേരുടെ പട്ടിക കെജ്രിവാള്‍ കഴിഞ്ഞ ദിവസം ജയില്‍ മേധാവിമാര്‍ക്ക് കൈമാറിയിരുന്നു. ഭാര്യ, മകന്‍, മകള്‍, കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാര്‍, ആംആദ്മി ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button