പത്തനംതിട്ട: അടൂരിലെ കാറപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ട്രാവലറിന് കുറുകെ കാറ് നിര്‍ത്തി ഹാഷിം വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നുവെന്ന് സഹപ്രവർത്തകർ മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന മൊഴിയാണ് ട്രാവലർ ഓടിച്ച ഡ്രൈവറും നൽകുന്നത്. അമിത വേഗതയിലാണ് കാര്‍ കടന്നുപോയതെന്നും ഇവര്‍ പറയുന്നുണ്ട്.
‘ട്രാവലറിന് കുറുകെ കാര്‍ നിര്‍ത്തിയപ്പോള്‍ ഡ്രൈവിങില്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകാം എന്നാണ് ആദ്യം കരുതിയത്. കുളക്കട ജംങ്ഷന്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്‍ ട്രാവലറിന് മുമ്പില്‍ കുറുകെയിട്ടു. കാറില്‍ നിന്നും ഇറങ്ങിയ ആള്‍ ഇറങ്ങിവാടീ എന്ന് പറഞ്ഞു. ഏറ്റവും മുന്നില്‍ ഇടതുഭാഗത്തിരുന്ന അനുജ ആദ്യം പകച്ചു. ഹാഷിം വാഹനത്തിന് അടുത്തെത്തിയപ്പോള്‍ അനുജ ഇറങ്ങി. സമീപത്തിരുന്ന അധ്യാപികയോട് തന്റെ അനുജന്‍ വിഷ്ണുവാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാണ് അനുജ ഇറങ്ങിയത്. അമിത വേഗതയിലാണ് ഇവര്‍ പോയത്’, ഡ്രൈവർ പറയുന്നു.
അതേസമയം, രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കാര്‍ മനപ്പൂര്‍വ്വം ലോറിയിലേക്ക് ഇടിച്ചുകയറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കെ പി റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം (31) എന്നിവര്‍ മരിച്ചത്. കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും അപകട സമയത്ത് ഇരുവരും സീറ്റ് ബെല്‍ട്ട് ധരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Post Your Comments