സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ബ്ളസി ഒരുക്കിയ ആടുജീവിതം സിനിമയാണ്. നജീബ് എന്ന മലയാളി ചെറുപ്പക്കാരൻ ഗൾഫിൽ നേരിട്ട അടിമജീവിതത്തെ ആവിഷ്കരിച്ച ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അതെ പേരിൽ സിനിമയാക്കിയിരിക്കുകയാണ് ബ്ളസി. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നേടുന്നത്. ആടുജീവിതം സിനിമയിൽ നഷ്ടപ്പെട്ടു പോയ ആടുജീവിതത്തെക്കുറിച്ച് അധ്യാപകനായ എൻ സി ഹരിദാസൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
ആടുജീവിതം സിനിമയിൽ നഷ്ടപ്പെട്ടു പോയ ആടുജീവിതം.
————————————
നജീബ് എന്ന മലയാളി ചെറുപ്പക്കാരൻ ഗൾഫിൽ നേരിട്ട അടിമജീവിതമാണ് ബന്യാമിൻ ആടുജീവിതം എന്ന പേരിൽ മലയാള നോവലാക്കിയത്. The Goat Days എന്ന പേരിൽ ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഈ നോവൽ ബ്ലസി എന്ന സംവിധായകൻ മലയാള സിനിമയാക്കിയപ്പോൾ അതിൽ നിന്ന് ചോർന്നു പോയത് നോവലിന്റെ കേന്ദ്ര ആശയമായ (പ്രമേയമായ) ആടുജീവിതമാണ്. ഇതിന് പ്രധാനകാരണം ഇന്ത്യൻ സമൂഹത്തിനും സിനിമാ വ്യവസായത്തിനും ഉൾക്കൊള്ളാൻ കഴിയാത്ത പ്രമേയമാണ് നോവലിൽ ആവിഷ്കരിച്ചത് എന്നതാണ്.അതിന്റെ ഭാഗമാണ് ചിത്രീകരിച്ച ചില ഭാഗങ്ങൾ സെൻസർ ബോർഡിന്റെ മുറിച്ചു മാറ്റലെന്ന് ബന്യാമിൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ ഭാഗം.
നോവലിൽ ഒരു പെണ്ണാടുമായി നജീബ് ലൈംഗിക വേഴ്ച നടത്തുന്നതായ ഭാഗമാണ് ബന്യാമിൻ സൂചിപ്പിക്കുന്നത്. ആടുകളോടൊത്ത് കിടക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചോ, ഉണ്ടെങ്കിൽ അവയും മുറിച്ച് മാറ്റിയോ എന്നദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഒരു ആടിനെ ചേർത്ത് പിടിച്ച ഒരു സീൻ അല്ലാതെ ആടുകളുമായി വൈകാരികമായ അടുപ്പത്തിന്റെ ചിത്രീകരണമൊന്നും സിനിമയിൽ ആവിഷ്കരിച്ചതായി കാണുന്നില്ല.ഒരു ആണാടിന്റെ ലൈംഗികശേഷി നശിപ്പിക്കുന്ന സീനുകൾ ഉപേക്ഷിച്ചതായി ബന്യാമിൻ പറയുമ്പോൾ, അത് സിനിമ പ്രായപൂർത്തിയായവർക്ക് മാത്രമായി പരിമിതപ്പെടുത്താനും കുട്ടികളെയും കുടുംബ പ്രേക്ഷകരെയും അകറ്റാൻ കാരണമായേക്കും എന്ന് കൂട്ടിച്ചേർക്കുന്നത് സംവിധായന്റെ അഭിപ്രായം തന്നെയാണെന്നാണ് കരുതേണ്ടത്. ഇത് ശരിയാണെങ്കിലും അല്ലെങ്കിലും മലയാളി പ്രേക്ഷകരുടെയും, മറ്റ് ഇന്ത്യൻ പ്രേക്ഷകരുടെയും സിനിമാസങ്കൽപ്പത്തിന് വഴങ്ങി അവരുടെ വൈകാരികത മുതലെടുത്ത് വിജയം നേടാനുള്ള താൽപര്യമാണ് സിനിമയിൽ ഉടനീളം സംവിധായകൻ പ്രകടിപ്പിച്ചത്.
കുളിമുറിയിൽ കുളിച്ചു കൊണ്ട് നിന്ന യുവതിയായ ഭാര്യയെ ഭർത്താവ് തോളിലേറ്റി ഉമ്മയോട് തമാശ പറഞ്ഞുകൊണ്ട് പുഴയിലേക്ക് എറിയുന്നതും കൂടെച്ചാടി ആഴത്തിൽ ഊളിയിട്ട് മീനുകളെപ്പോലെ രമിക്കുന്നതുമായ, ഇന്ത്യക്കാരുടെ സ്വപ്നത്തിൽ പോലും കടന്നുവരാനിടയില്ലാത്ത സീനുകളെല്ലാം ഇന്ത്യൻ കച്ചവടസിനിമയിലെ സ്ഥിര വിഭവങ്ങൾ തന്നെയല്ലേ? പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന, നജീബ് നേരിടുന്ന കഴുകന്മാരുടെ ആക്രമണത്തിന്റെ ചിത്രീകരണവും ഇതേ പ്രേക്ഷക വൈകാരികതയെ പരകോടിയിൽ എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
ഏ ആർ റഹ്മാൻ,റസൂൽ പൂക്കുട്ടി തുടങ്ങിയവരുടെ പശ്ചാത്തല ശബ്ദലേഖനം, ദൃശ്യങ്ങളിലെയും വസ്ത്രാലങ്കാരം, മെയ്ക്കപ്പ്, അഭിനേതാക്കളുടെ പ്രകടനം തുടങ്ങിയവ മികവ് തെളിയിച്ചു. ശരാശരി ഇന്ത്യൻ, മലയാള സിനിമയുടെ ഭാഗമാകാൻ യോഗ്യതയുണ്ട്.
Post Your Comments