ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ കനത്ത പോരാട്ട ചൂടിലാണ് രാഷ്ട്രീയ മുന്നണികൾ. വോട്ടർ പട്ടികയിൽ ഇക്കുറിയും കന്നിവോട്ടർമാരുടെ എണ്ണം ഉയർന്ന നിലയിലാണ്. മൂന്നുലക്ഷത്തിലധികം യുവ സമ്മതിദായകരാണ് സംസ്ഥാനത്ത് പുതുതായി ചേർന്നിരിക്കുന്നത്. 2023 ഒക്ടോബറിൽ പഴയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുശേഷം പ്രസിദ്ധീകരിച്ച പുതിയ വോട്ടർ പട്ടികയിൽ 3,88,000 വോട്ടർമാരാണ് പുതുതായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 18-19 വയസ്സ് പ്രായമുള്ള സമ്മതിദായകരാണ് യുവ വോട്ടർമാരുടെ വിഭാഗത്തിൽ ഉള്ളത്.
ചുരുങ്ങിയ കാലയളവിനുള്ളിൽ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ശരാശരിയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ഒന്നാമതാണ്. അതേസമയം, ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. കരടു പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ 268 ഭിന്നലിംഗക്കാരുടെ പേരുകളാണ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, അന്തിമപട്ടിക പ്രസിദ്ധീകരിച്ചതോടെ ഇത് 309 ആയി. ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രചരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനോടൊപ്പം ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിലും വിവിധ പ്രചാരണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് യുവാക്കളുടെ എണ്ണത്തിൽ ഇത്തരമൊരു വർദ്ധനവ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയകൾ, കോളേജുകൾ, സർവകലാശാലകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.
Also Read: ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് മത്സ്യബന്ധന ബോട്ട്, സഹായഹസ്തമായി കോസ്റ്റ് ഗാർഡ്
Post Your Comments