കൊച്ചി: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നാലെ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി. അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ് സസ്പെൻഷൻ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇവർ. 2023 ലെ റാഗിങ് പരാതിയിൽ സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ എടുക്കുകയായിരുന്നു. ഇടക്കാല ഉത്തരവായാണ് വിദ്യാർത്ഥികൾ ഇരുവരുടെയും സസ്പെൻഷന് സ്റ്റേ അനുവദിച്ചത്. ആന്‍റി റാംഗിങ് കമ്മിറ്റിയോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി.
കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ 2021 ബാച്ചിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകളോ പരാതിയോ ആന്‍റി റാഗിംങ് സമിതിക്ക് കിട്ടിയിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാർത്ഥിയും പരാതി നൽകിയില്ല. സിദ്ധാർത്ഥന്‍റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഈ വിദ്യാർത്ഥികളെയും സര്‍വകലാശാല അധികൃതര്‍ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.
നേരത്തെയും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർത്ഥിന്‍റെ മരണത്തിലുള്ള റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ആന്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ കേസിൽ നാലുപേർക്ക് എതിരെ ആയിരുന്നു നടപടി. 2 പേരെ ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തപ്പോൾ 2 പേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കുകയായിരുന്നു.
Leave a Comment