KeralaLatest NewsNews

തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സില്‍ ക്ഷേത്രം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തൃശൂര്‍: തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സിൽ ക്ഷേത്രത്തിന്റെ ചിത്രം ഉൾപ്പെടുത്തിയത് വിവാദത്തിന് കാരണമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടി തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നിരിക്കുകയാണ്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടിഎൻ പ്രതാപൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

തൃപ്രയാർ തേവരുടെ ചിത്രം ഫ്ളക്‌സിലുള്‍പ്പെടുത്തിയെന്നാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നാണ് ആവശ്യം. സുനിൽ കുമാറിന് മുന്നേ വി മുരളീധരനും സമാന ആരോപണം നേരിട്ടിരുന്നു. ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ലക്സില്‍ വിഗ്രഹത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നതിന് പിന്നാലെ തൃശൂരും സമാന സംഭവം. മുരളീധരനെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വി മുരളീധരനുമൊപ്പം വിഗ്രഹത്തിന്‍റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ് ഫ്ലക്സ് അടിച്ചിരുന്നത്. മതത്തിന്‍റെയോ ദൈവത്തിന്‍റെയോ ജാതിയുടെയോ പേരില്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണ്. ഇതനുസരിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാം.

നേരത്തെ നടൻ ടൊവീനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് സുനില്‍ കുമാറിനെ വെട്ടിലാക്കിയിരുന്നു. തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറായ തന്‍റെ ചിത്രം പ്രചാരണത്തിനായി ആരും ഉപയോഗിക്കരുത് അത് നിയമവിരുദ്ധമാണെന്ന് ടൊവീനോ തന്നെ വ്യക്തത വരുത്തിയതോടെ സുനില്‍ കുമാര്‍ ഈ ഫോട്ടോ പിൻവലിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട് തൃശൂര്‍ സബ് കളക്ടര്‍ സിപിഐക്ക് നോട്ടീസും നല്‍കിയിരുന്നു. ടൊവീനോയുടെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും താക്കീത് നല്‍കിയിരുന്നു. ഈ പ്രശ്നത്തിന് പിന്നാലെയാണിപ്പോള്‍ ഫ്ലക്സില്‍ ക്ഷേത്രത്തിന്‍റെ ഫോട്ടോ ഉള്‍ക്കൊള്ളിച്ചത് വിവാദമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button