മലപ്പുറം: മലപ്പുറത്ത് രണ്ടു വയസ്സുകാരിയെ പിതാവ് ഫായിസ് കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍. അലമാരയിലേയ്ക്കും കട്ടിലിലേയ്ക്കും കുട്ടിയെ വലിച്ചെറിഞ്ഞുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കുട്ടിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. കുട്ടിയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
‘ഇന്നലെ ഫായിസിൻ്റെ വീട്ടിൽ നിന്ന് ഫോൺ വിളിച്ചിരുന്നു. എടുത്തപ്പോൾ ഫോൺ കട്ടാക്കി, പിന്നീട് തിരിച്ച് വിളിച്ചപ്പോൾ അവൻ പറഞ്ഞത് കുട്ടി മരിച്ചുവെന്നാണ്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതാണെന്ന് പറഞ്ഞു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയിട്ടില്ല. കുട്ടിയ്ക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല, കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞായിരുന്നില്ലെ ഇവിടെ നിന്ന് കൊണ്ടുപോയതെന്ന് ചോദിച്ചു.
ഉമ്മയുടെ മുന്നിൽ വെച്ചാണ് കുട്ടിയെ കൊന്നത്. കുട്ടിയെ അലമാരയിലേയ്ക്ക് ഉന്തിയിട്ടും കട്ടിലിൽ എറിഞ്ഞും അടിച്ചും കൊങ്ങക്ക് പിടിച്ച് ഞെക്കിയിട്ടുമാണ് കൊന്നിരിക്കുന്നത്. ഫായിസിന്റെ ഉമ്മയും പെങ്ങളും അളിയനും നോക്കിനിക്കുകയായിരുന്നു.’ മരിച്ച കുഞ്ഞിന്‍റെ അടുത്ത ബന്ധു പറഞ്ഞു.
‘നേരത്തെയും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. ഫോണിലൂടെ സംസാരിക്കുമ്പോള്‍ കുട്ടിയേയും ഉമ്മാനേയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് മരിച്ച കുട്ടിയുടെ ബന്ധു സിറാജ് പറഞ്ഞു. പീഡനത്തിനെതിരെ ഫായിസിനെതിരെ കേസ് കൊടുത്തിരുന്നു. അതിന് എന്തായാലും അകത്ത് പോകുമെന്ന് ധാരണ വന്നപ്പോൾ കേസ് ഒഴിവാക്കണം എന്ന് പറഞ്ഞു വന്നു. കേസ് ഒഴിവാക്കൂലാന്നാണ് ഞങ്ങൾ പറഞ്ഞത്.’
‘അവരുടെ വീട്ടിൽ കൊണ്ടുപോയി കഴിഞ്ഞാൽ കുട്ടിയെ ഉപദ്രവിക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അങ്ങോട്ടേക്ക് വിടാറില്ലായിരുന്നു. ഞങ്ങൾ നോക്കികൊള്ളാം, ഒരു കുഴപ്പവുമിണ്ടാകില്ലെന്നു പറഞ്ഞ്, എന്തോ കാരണം പറഞ്ഞ് അവരെ കൊണ്ടുപോയതാണ്. കൊണ്ടുപോയതിനു ശേഷം എന്നും ഉപദ്രവിക്കുമായിരുന്നു.’
കുട്ടിയുടെ വിവരം അന്വേഷിക്കാൻ വേണ്ടി വീട്ടിൽ പോയപ്പോൾ ശരീരത്തിൽ പാടുകൾ കണ്ടു. കുട്ടിയെ എടുത്ത് തിരികെ കൊണ്ടുവരാൻ തീരുമാനിച്ചതായിരുന്നു. പക്ഷേ അവർ വിട്ടില്ല. ഞങ്ങളുടെ കുട്ടിയാണ്, ഞങ്ങൾ നോക്കിക്കോളാമെന്ന് പറഞ്ഞു. വിഷയത്തിൽ പൊലീസിൽ നേരത്തേയും പരാതി കൊടുത്തിട്ടുണ്ടെന്നും സിറാജ് പറഞ്ഞു. റിപ്പോർട്ടർ ടിവിയോടാണ് ബന്ധുവിന്റെ പ്രതികരണം.
Post Your Comments