കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. രാത്രി 12 മണിക്ക് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിർദ്ദേശത്തിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. നിലവിൽ, വിദ്യാർത്ഥികൾ ക്യാമ്പസ് ഉപരോധിച്ചിരിക്കുകയാണ്. ജീവനക്കാരെയടക്കം അകത്തേക്ക് കടത്തിവിടുന്നില്ല. ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇന്നലെ അർദ്ധരാത്രി മുതലാണ് ക്യാമ്പസിൽ പ്രതിഷേധ പരിപാടികൾ ആരംഭിച്ചത്.
രാത്രി 12 മണിക്ക് മുൻപ് തന്നെ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡീൻ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ, കാന്റീനുകൾ രാത്രി 11 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. രാത്രി വൈകി ആഹാരം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്റീനുകൾ 11 മണിക്ക് തന്നെ അടയ്ക്കാൻ ആവശ്യപ്പെട്ടത്. സർക്കുലറിൽ പരാമർശിച്ചിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ സസ്പെൻഡ് ചെയ്യുമെന്ന് വിദ്യാർത്ഥികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: കലാമണ്ഡലം സത്യഭാമയ്ക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Post Your Comments