KeralaLatest News

സത്യഭാമയുടേത് കലാ-സാംസ്‌കാരിക രംഗത്തിന് ശാപമായ വാക്കുകൾ; നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു. ആർഎൽവി എന്ന സ്ഥാപനത്തെക്കുറിച്ചാണു പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞത് മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതായും സത്യഭാമ ആരോപിച്ചു.

ഇതു രണ്ടാം തവണയാണു സത്യഭാമ വിവാദത്തിൽപെടുന്നത്. 2018ൽ, അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമർശവും വിവാദമായിരുന്നു. പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമർശത്തിലുണ്ടായിരുന്നു.

ഇതിനെത്തുടർന്ന് കലാമണ്ഡലം ഭരണസമിതിയിൽനിന്നു സത്യഭാമയെ പുറത്താക്കിയിരുന്നു. അന്നു ഫോൺസംഭാഷണം പുറത്തുവിട്ടത് ‘ചാലക്കുടിക്കാരൻ’ ആണെന്നും സത്യഭാമ പറഞ്ഞിരുന്നു.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ ആർഎൽവി രാമകൃഷ്ണനെതിരായ വിവാദ പരാമർശം.

‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എൻറെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺ പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവർ ഇല്ലേ?’ ഇവനെ കണ്ടാൽ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ലെന്നായിരുന്നു പരാമർശം. അതേസമയം, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തി. സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.’ എന്റെ കറുപ്പാണ് എന്റെ അഴക്. എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും എന്റെ ഏഴയലത്ത് വരില്ല..മോളെ’ എന്ന് രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതൽ നിറത്തിൻറെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാമണ്ഡലം സത്യഭാമയുടെ പരാമർശങ്ങൾ ഇന്നത്തെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. കലാ-സാംസ്‌കാരിക രംഗത്തിന് ശാപമാണ് ഇവരുടെ ഈ വാക്കുകൾ എന്നും ഈ പരാമർശത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

കലാമണ്ഡലത്തിൽ പഠിക്കുന്ന സമയത്ത് ഇവരുമായുള്ള പ്രശ്‌നങ്ങൾ മൂലം തനിക്ക് ഒരു കേസ് കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഒരു കാര്യവുമില്ലാതെയാണ് തന്റെ പേര് പറയാതെ ചാലക്കുടിക്കാരൻ എന്ന് പറഞ്ഞ് പരാമർശിച്ചത്. സംഗീത-നാടക അക്കാദമിയുടെ വിഷയം ചൂണ്ടിക്കാട്ടിയും തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി എന്ന് സൂചിപ്പിച്ചും വ്യക്തമായ പരാമർശങ്ങളോടെ ഇത് അവതരിപ്പിച്ചത്. കാക്കയെപോലെ കറുത്തവൻ, മോഹനിയാട്ടത്തിന് വേണ്ടുന്ന സൗന്ദര്യമില്ലാത്തവൻ എന്നൊക്കെ പറയുമ്പോൾ ഇന്നത്തെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്.

കലാലോകത്തിന് എന്തുമാത്രം മോശമായ സന്ദേശമാണ് ഇവർ നൽകുന്നത്. ഇപ്പോൾ വീട്ടമ്മമാർ പോലും തങ്ങളുടെ തടസ്സങ്ങൾ മാറ്റിവെച്ചിട്ട് നൃത്തം പഠിക്കാൻ വരുന്ന സാഹചര്യത്തിലാണ് ഈ പരാമർശം നടത്തിയത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. കലാ-സാംസ്‌കാരിക രംഗത്തിന് ശാപമാണ് ഇവരുടെ ഈ വാക്കുകൾ എന്നും ആർഎൽവി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button