തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപവും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെയും അപലപിച്ച് കേരള കലാമണ്ഡലം. പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് വൈസ് ചാന്‍സലര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കേരള കലാമണ്ഡലത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.
Read Also: ഡോക്ടർമാർക്ക് സമൂഹ മാധ്യമ വിലക്ക്; വിവാദത്തിനൊടുവിൽ ഉത്തരവ് റദ്ദ് ചെയ്ത് ആരോഗ്യവകുപ്പ്
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.
പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, താന്‍ പറഞ്ഞത് വളരെ ശരിയാണെന്ന മട്ടില്‍ അതി ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.
Post Your Comments