തൃശ്ശൂർ: ചാവക്കാട് നഗരമധ്യേ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് കച്ചവട സ്ഥാപനങ്ങൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലൻഡ് ജംഗ്ഷന് സമീപമുള്ള കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് ഇന്ന് പുലർച്ചെ തീപിടിത്തം ഉണ്ടായത്. സമീപത്ത് ഉണ്ടായിരുന്ന കച്ചവട സ്ഥാപനങ്ങൾ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അസീസ് ഫുട്‌വെയര്‍, ടിപ്ടോപ് ഫാൻസി ഷോപ്പ്, തുണിക്കട എന്നിവയാണ് അഗ്നിക്കിരയായത്. ഗുരുവായൂർ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നായി അഗ്നിരക്ഷാസേനയുടെ 8 യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കെട്ടിടങ്ങളുടെ മുകളിലെ നിലയിലും തീ പടർന്നിട്ടുണ്ട്. അതേസമയം, തൊട്ടടുത്തുള്ള വൈദ്യുതി ട്രാൻസ്ഫോമറിലെ കേബിളുകളും മറ്റും കത്തിനശിച്ചിട്ടുണ്ടെങ്കിലും, ട്രാൻസ്ഫോമറിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആദ്യം പ്ലാസ്റ്റിക് ഉരുകുന്ന മണവും പുകയുമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് കെട്ടിടം മുഴുവനും ആളിക്കത്തുകയായിരുന്നു. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
Post Your Comments