സിഎഎ വിരുദ്ധ പ്രക്ഷോഭം: രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ സർക്കാർ, നിർദ്ദേശം ജില്ലാ പോലീസ് മേധാവികൾക്ക് അയച്ചു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ആഭ്യന്തര വകുപ്പ് ഇതിനായുള്ള നിർദേശം ജില്ലാ പോലീസ് മേധാവികൾക്ക് അയച്ചു. ജാമ്യം ലഭിക്കാൻ സാധ്യത കൂടുതലുള്ള കേസുകൾ എല്ലാം പിൻവലിക്കാനാണ് നിർദേശം. മുൻപ് പിൻവലിക്കാൻ നിർദ്ദേശിച്ച കേസുകളിൽ, അവ പിൻവലിക്കാനുള്ള അപേക്ഷ കോടതിയിലെത്തിയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്.

ആകെ 835 കേസുകളാണ് സംസ്ഥാനത്ത് സിഎഎ. വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഇവയിൽ നൂറിൽ താഴെ കേസുകൾ മാത്രമാണ് പിൻവലിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.

അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ദേഭഗതി നിയമം (സിഎഎ) ഭരണഘടനാവിരുദ്ധമാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. പൗരത്വത്തിന് മതം ആധാരമാക്കുന്നതിലൂടെ മതനിരപേക്ഷതയിൽനിന്ന് മതരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിന് തുടക്കമാകും. അതോടെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് പ്രയാണം ആരംഭിക്കും. കേന്ദ്രസർക്കാർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ്. ഫെഡറലിസം തകർക്കുന്നു. അഴിമതിക്ക് ബാങ്കിങ് സംവിധാനം ദുരുപയോഗിച്ചതാണ് ഇലക്ടറൽ ബോണ്ടിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment