Latest NewsIndiaNews

ഭരിക്കുന്ന പാർട്ടികൾക്ക് സംഭാവനയെന്നത് ലോക രാഷ്ട്രീയത്തിൽ സ്വാഭാവികം, അത് സുതാര്യമാക്കുകയാണ് ബിജെപി ചെയ്തത്- സന്ദീപ്

ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. പ്രതിപക്ഷത്തിലെ കോൺഗ്രസ് ഒഴികെയുള്ള കക്ഷികൾ ബിജെപിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഇതിൽ കേന്ദ്രത്തിന്റെ സുതാര്യത വിശദീകരിച്ച് അമിത്ഷാ രംഗത്തെത്തിയിരുന്നു. 20000 കോടി ലഭിച്ചപ്പോൾ ബിജെപിക്ക് 6000 കൂടി മാത്രമാണ് ലഭിച്ചതെന്നും ബാക്കി തുക ആർക്കൊക്കെ കിട്ടിയെന്ന് അന്വേഷണം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഇപ്പോൾ വിഷയത്തിൽ സിപിഎമ്മിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്തെത്തി.

ഒരു പാർട്ടിക്ക് എത്ര കോടി നൽകിയാലും അത് ബാങ്ക് അക്കൗണ്ട് വഴി ആകണം എന്ന നിബന്ധന വന്നതോടെ പൊതുരംഗത്ത് കള്ളപ്പണ ഇടപാട് അവസാനിപ്പിക്കാൻ ഉള്ള മാർഗമായിരുന്നു ഇലക്ടറൽ ബോണ്ട്. പക്ഷേ പരമോന്നത കോടതി അത് തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ബിജെപി അംഗീകരിക്കുന്നു. എന്നാൽ സിപിഎമ്മിന് ഇതിൽ ഇലക്ടറൽ ബോണ്ട് കിട്ടാത്തതിന്റെ കാരണം അവർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരും അല്ലാത്തതിനാലാണ് എന്നതാണെന്ന് സന്ദീപ് പറഞ്ഞു. ഇതിൽ നിന്നും കോടിക്കണക്കിന് കള്ളപ്പണം സിപിഎമ്മിന് ലഭിച്ചു എന്നും സന്ദീപ് ആരോപിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

എന്താണ് ഇലക്ട്രൽ ബോണ്ട്? കള്ളപ്പണം അടക്കിഭരിച്ചിരുന്ന ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്തെ ശുദ്ധീകരിക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച സംഭാവനാ രീതിയാണ് ഇലക്ട്രൽ ബോണ്ടുകൾ. സംഭാവന നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കോ കമ്പനികൾക്കോ പണം നൽകുന്നതിന് പകരം എസ്.ബി.ഐയുടെ കയ്യിൽ നിന്ന് ബോണ്ടുകൾ ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികളുടെ പേരിൽ വാങ്ങാം. ആരാണ് ബോണ്ടുകൾ മുഖാന്തിരം പണം നൽകിയത് എന്ന് പാർട്ടികൾ അറിയില്ല. ആ വിവരങ്ങൾ എസ്.ബി.ഐയുടെ കൈവശവും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പക്കലും മാത്രമേ ഉണ്ടാകൂ. അതായത് നേരത്തെ ഇരു ചെവി അറിയാതെ വാങ്ങിയ കള്ളപ്പണം ഇപ്പൊൾ നിയമാനുസൃതം ആയി എന്ന് ചുരുക്കം.

ഒരു പാർട്ടിക്ക് എത്ര കോടി നൽകിയാലും അത് ബാങ്ക് അക്കൗണ്ട് വഴി ആകണം എന്ന നിബന്ധന വന്നതോടെ പൊതുരംഗത്ത് കള്ളപ്പണ ഇടപാട് അവസാനിപ്പിക്കാൻ ഉള്ള മാർഗമായിരുന്നു ഇലക്ടറൽ ബോണ്ട്. പക്ഷേ പരമോന്നത കോടതി അത് തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ബിജെപി അംഗീകരിക്കുന്നു. ആകെ ബോണ്ടുകളുടെ 47% ബിജെപിക്ക് കിട്ടി എന്നതാണ് ഇപ്പോഴുള്ള രോദനത്തിൻ്റെ കാരണം. കേന്ദ്രവും 18 സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിയ്ക്ക് 6000 കോടി കിട്ടിയത് എന്തോ മഹാ അപരാധമായാണ് ചിത്രീകരിക്കുന്നത്.
ലോകസഭയിലും രാജ്യസഭയിലും കൂടി 400 എംപിമാരും 1600 ഓളം എം.എൽ.എമാരുമാണ് രാജ്യത്ത് ബിജെപിക്ക് ഉള്ളത്.

ഈ 2000 ജനപ്രതിനിധികൾ നേരിട്ട് പിരിവിന് ഇറങ്ങിയാൽ കിട്ടുന്നതിലും എത്രയോ കുറവാണ് ഈ തുക. ഒരു സംസ്ഥാനം മാത്രം ഭരിക്കുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 1600 കോടി രൂപയാണ് കിട്ടിയതെന്ന് മനസിലാക്കുക. അതായത് ആകെയുള്ള ബോണ്ടുകളുടെ 12.6%. വെറും 70 എം.പി മാരും 670 എം.എൽ.എമാരും ഉള്ള കോൺഗ്രസിന് 11% ബോണ്ടിൽ നിന്ന് 1421 കോടിയും കിട്ടി. സിപിഎം ഒഴികെയുള്ള ഒട്ടുമിക്ക കക്ഷികൾക്കും ബോണ്ട് വഴി സംഭാവന കിട്ടി. അതായത് ഇത്തവണയും സിപിഎമ്മിന് കള്ളപ്പണം സംഭാവനയായി കിട്ടിയെന്ന് ചുരുക്കം.

ഞങ്ങൾ ഇലക്ടറൽ ബോണ്ട് വഴി സംഭാവന സ്വീകരിച്ചില്ല എന്ന് ഇടത് പാർട്ടികൾ മേനി നടിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിങ്ങളെ ആരും ഗൗനിക്കുന്നില്ല എന്നാണ് ഇതിൻ്റെ അർത്ഥം. മാത്രവുമല്ല നൂറ് കണക്കിന് കോടികൾ നിങ്ങൾ അല്ലാതെ സമാഹരിച്ചിട്ടുണ്ട് എന്ന കാര്യം മറക്കുകയും ചെയ്യരുത്. പൊതുരംഗം ശുദ്ധീകരിക്കാൻ ഏറ്റവും മികച്ച മാർഗം തിരഞ്ഞെടുപ്പിൽ ഒഴുകുന്ന കള്ളപ്പണം നിയന്ത്രിക്കുക എന്നതാണ്. പക്ഷേ ബിജെപി ഇത് അവതരിപ്പിക്കുകയും അവർക്ക് ഏറ്റവും ഉയർന്ന അളവിൽ സംഭാവന കിട്ടുകയും ചെയ്തതോടെ ഇലക്ടറൽ ബോണ്ടുകൾ മോശം കാര്യമായി മാറി. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഗതികേടാണ്.

ഭരിക്കുന്ന പാർട്ടികൾക്ക് സംഭാവന കിട്ടുക എന്നുള്ളത് ലോക രാഷ്ട്രീയത്തിൽ തന്നെ സ്വാഭാവികമാണ്. അത് പറ്റുന്നത്രയും സുതാര്യമാക്കുക എന്നതാണ് നമ്മുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം. അതാണ് ബിജെപി ചെയ്തത്. അന്ധമായ രാഷ്ട്രീയ വിരോധം മൂലം അതിനെ എതിർക്കുന്നവർ പൊതു രംഗം മലീമസമായി തന്നെ ഇരിക്കണം എന്ന് കരുതുന്നവരാണ്.
……..
ആര് ആർക്ക് സംഭാവന നൽകി എന്ന് ഇപ്പോഴും അറിഞ്ഞിട്ടില്ല. അതിന് മുൻപ് ചിലരുടെ പേര് പറഞ്ഞ് ബിജെപിയെ വിമർശിക്കുന്നവർ സാൻ്റിയാഗോ മാർട്ടിൻ ആരാണെന്ന് ഏറ്റവും ചുരുങ്ങിയത് ഇ.പി ജയരാജനോടെങ്കിലും ചോദിച്ചിട്ട് മാത്രമേ അങ്ങനെ ചെയ്യാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button