മരിച്ച നിലയിൽ കണ്ടെത്തിയ, കലോത്സവ കോഴക്കേസിൽ അരോപണവിധേയനായ വിധികർത്താവ് പി എൻ ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെയാകും പോസ്റ്റുമോർട്ടം. കേരള സർവകലാശാല കലോത്സവത്തിൽ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട ഷാജിയെ ഇന്നലെയാണ് കണ്ണൂർ ചൊവ്വയിലെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നിൽ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പിൽ പരാമർശമുണ്ട്.
വിധികർത്താവിന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് ആരോപിച്ചു. ഒരു കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റവും ദുർഗതിയിലാക്കിക്കൊണ്ട് ഒരു കലോത്സവത്തെ കോഴയിൽ മുക്കി കലാപത്തിന്റെ ഗതിയിലെത്തിച്ച സംഘാടകരാണ് യൂണിവേഴ്സിറ്റി യൂണിയൻ നയിക്കുന്ന എസ്എഫ്ഐ എന്നും ഇവരാണ് ഈ മരണത്തിന്റെ ഉത്തരവാദിയെന്നും അദ്ദേഹം തുറന്നടിച്ചു.
ഒന്നാം പ്രതിയായ വിധികർത്താവ് ഷാജി മരിച്ചതോടെ ദുരൂഹത ബാക്കിയാക്കുകയാണ്. എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയനെതിരെ ആരോപണം കടുക്കുകയാണ് ഈ സാഹചര്യത്തിൽ. ഷാജി ഉൾപ്പടെ മൂന്ന് പ്രതികളുടെ മൊഴിയെടുക്കാൻ ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതിടെയാണ് ഇന്നലെ വൈകുന്നേരത്തോടെ ഷാജി ജീവനൊടുക്കിയത്.
Post Your Comments