തിരുവനന്തപുരം: ചൂട് ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് റെക്കോർഡുകൾ തിരുത്തി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഇന്നലെ 6 മണി മുതൽ 11 മണി വരെ 5,066 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം 11-ന് രേഖപ്പെടുത്തിയ 5,031 മെഗാവാട്ട് എന്ന റെക്കോർഡാണ് മറികടന്നത്. 101.84 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം.
തുടർച്ചയായ മൂന്നാം ദിവസവും മൊത്തം വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കവിഞ്ഞിട്ടുണ്ട്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ സമീപഭാവിയിൽ തന്നെ വൈദ്യുതി പ്രതിസന്ധിയും സാമ്പത്തിക ബാധ്യതയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി. പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശാന്തപരിശ്രമത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു.
Also Read: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കുള്ള ശമ്പളം ഉടൻ, കോടികൾ അനുവദിച്ച് ധനവകുപ്പ്
വൈകുന്നേരം 6-നും 11-നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ കെഎസ്ഇബി ആവശ്യപ്പെട്ടു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍ തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി മറ്റുസമയങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടതാണ്. കൂടാതെ, അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യുക.
Post Your Comments