മലപ്പുറം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിൽ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും രൂപപ്പെടുത്തുന്നതിന് പകരം ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രപുരോഗതിക്ക് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്ത് സ്വന്തമായ നിലയം നിർമിക്കാൻ നമ്മുടെ രാജ്യം ആലോചിക്കുന്ന കാലത്ത് വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പേരിൽ ആളുകളെ തമ്മിലകറ്റുന്ന നിയമങ്ങൾ കൊണ്ടുവരുന്നത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ വലുപ്പം കുറയ്ക്കാനേ ഇടയാക്കൂ. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങൾ നിലവിൽ വരുന്നതിനുമുമ്പ് തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തിറക്കും. രാജ്യത്താകമാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെയും നിയമപോരട്ടങ്ങളെയും വകവയ്ക്കാതെയാണ് കേന്ദ്രസർക്കാർ നീക്കമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി.
സർക്കാർ നീക്കം നിയമവിരുദ്ധമാണെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിശക്തമായി നിയമപരമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments