ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി വിജ്ഞാപനം ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐയും മുസ്ലിം ലീഗും. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലിം ലീഗും ഡിവൈഎഫ്‌ഐയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മറ്റ് മതത്തിൽ പെട്ടവർക്ക് അപേക്ഷ നൽകാൻ അനുമതി നൽകുകയാണെങ്കിൽ മുസ്ലീങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൽ അനുവദിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ആർക്കെങ്കിലും പൗരത്വം നൽകുന്നതിന് ലീഗ് എതിരല്ല. ഒരു മതത്തിനെ മാത്രം മാറ്റി നിർത്തുന്നതിനെയാണ് എതിർക്കുന്നതെന്ന് ലീഗ് അറിയിച്ചു.
ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലീഗ് സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള 250-ഓളം ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജികളിൽ തീരുമാനമാകുന്നതിന് മുമ്പ് നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകാൻ അനുവദിക്കരുതെന്ന് ലീഗ് ആവശ്യപ്പെട്ടു. സിഎഎ ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വിധിച്ചാൽ അനുവദിക്കുന്ന പൗരത്വം എന്തുചെയ്യുമെന്നും ലീഗ് ചോദിക്കുന്നു.
Post Your Comments