സഹോദരൻ മുരളീധരനെതിരെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും വിമർശനവുമായി പത്മജ വേണുഗോപാൽ. എന്റെ പിതാവിനെ ലീഡർ എന്ന് വിളിച്ചിരുന്നത് തന്നെ ആ നേതൃത്വം കൊണ്ടാണ്. കോൺഗ്രസിൽ അങ്ങനെയൊരു നല്ല നേതൃത്വം ഇപ്പോഴില്ല. എന്നാൽ അതേസമയത്ത് ബിജെപി നേതൃത്വം മികച്ചതാണ്. മോദിജിയുടെ നേതൃത്വം എടുത്ത് പറയേണ്ടതാണെന്നും പത്മജ പറഞ്ഞു.
കെ മുരളീധരന്റെ പ്രതികരണത്തിനും പത്മജ മറുപടി പറഞ്ഞു. ‘മുരളിയേട്ടന് ദേഷ്യം വന്നാൽ എന്തൊക്കെയാണ് പറയുകയെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. അദ്ദേഹം പാർട്ടി വിട്ട് പല പ്രാവശ്യം പോയപ്പോഴും ഞാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ. എന്റെ സഹോദരനാണെന്ന ബോധ്യം എനിക്ക് നല്ലതുപോലെ ഉണ്ടായിരുന്നു. പക്ഷേ ദേഷ്യം വന്നാൽ മുരളിയേട്ടൻ പെങ്ങളാണോ അച്ഛനാണോ എന്നൊന്നും നോക്കില്ല. അച്ഛനെയൊക്കെ എന്തൊക്കെ പറഞ്ഞിരിക്കുന്നു’. പത്മജ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ രൂക്ഷ വിമർശനത്തിന് പരിഹാസമായിരുന്നു പത്മജയുടെ മറുപടി. ചാനലിൽ കയറി വലിയ ആളായവരൊന്നും തന്നെക്കുറിച്ച് പറയാൻ വരേണ്ടെന്നും രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നുവെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം ഉപാധികളില്ലാതെയാണെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. തന്റെ പരാതികൾ നിരന്തരം അവഗണിക്കുകയും തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കോൺഗ്രസിനോടുള്ള അസംതൃപ്തിയാണ് തന്നെ ബിജെപിയിലെത്തിച്ചതെന്ന് പത്മജ പറഞ്ഞു.
ബിജെപിയുടെ ശക്തമായ നേതൃത്വമാണ് തന്നെ ആകർഷിച്ചത്. തന്നെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്നും പത്മജ ട്വന്റിഫോർ ചാനലിന് അനുവദിച്ച പ്രത്യേക പ്രതികരണത്തിൽ വ്യക്തമാക്കി.
Post Your Comments