തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ന് മുതൽ ഒരു കേന്ദ്രത്തിൽ നിന്ന് 50 പേരുടെ ടെസ്റ്റ് മാത്രമേ നടത്തുകയുള്ളൂ. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. പ്രതിദിനം 180 വരെ ഉണ്ടായിരുന്ന ടെസ്റ്റുകളാണ് ഇപ്പോൾ വെറും 50 എണ്ണമായി വെട്ടിക്കുറച്ചത്. ഇന്നലെ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം പുറത്തിറക്കിയത്. എന്നാൽ, അപേക്ഷകരിൽ നിന്ന് എങ്ങനെ 50 പേരെ തിരഞ്ഞെടുക്കും എന്നതിൽ മോട്ടോർ വാഹന വകുപ്പിന് വ്യക്തതയില്ല.
മെയ് ഒന്നാം തീയതി മുതൽ നടപ്പാക്കാനിരിക്കുന്ന പരിഷ്കരണത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ. സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഉടൻ തന്നെ പരിഷ്കരിക്കുമെന്ന് കെബി ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റയുടൻ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 അംഗ കമ്മിറ്റിയെയാണ് നിയമിച്ചത്. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കരണങ്ങൾ വരുത്തിയിട്ടുള്ളത്. അതേസമയം, സർക്കാറിന്റെ ഈ നയങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്കൂളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.
Post Your Comments