Latest NewsKeralaIndia

സ്റ്റാർട്ടപ് കമ്പനി സിഇഒ തന്റെ 4വയസ്സുകാരൻ മകനെ കൊന്ന് പെട്ടിയിലാക്കി യാത്ര ചെയ്ത സംഭവം: യുവതിയുടെ മനോനില പരിശോധിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർട്ടപ് കമ്പനിയുടെ സിഇഒ നാല് വയസ്സുള്ള സ്വന്തം മകനെ കൊല ചെയ്ത് പെട്ടിയിലാക്കി യാത്ര ചെയ്ത സംഭവം വലിയ ഞെട്ടലാണ് വ്യാവസായിക ലോകത്തും പുറത്തും ഉണ്ടാക്കിയത്. ഗോവയിൽ അപ്പാർട്ടുമെന്റിൽ വെച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയും, മൃതദേഹം ബാഗിലാക്കി കർണാടകയിലേക്ക് ടാക്സിയിൽ തിരിക്കുകയുമായിരുന്നു സുചന. എന്നാൽ മാർഗ്ഗമധ്യേ സുചന പിടിയിലായി. സംഭവത്തിൽ സിഇഒയുടെ മാനസിക ആരോഗ്യനില പരിശോധിക്കാൻ ഗോവ കോടതി അനുമതി നൽകി.

ഗോവ പൊലീസ് അറസ്റ്റ് ചെയ്ത മൈൻഡ്ഫുൾ എഐ ലാബ് സിഇഒ സുചന സേത്തിന്റെ (39) പിതാവ് നൽകിയ ഹർജിയിലാണിത്. കസ്റ്റഡിയിൽ ആയിരിക്കെ അത്തരത്തിലുള്ള മാനസിക ബുദ്ധിമുട്ടും സുചന നേരിടുന്നതായി ശ്രദ്ധയിൽപെട്ടില്ലെന്ന് പൊലീസ് വാദിച്ചെങ്കിലും കോടതി ഹർജി അനുവദിച്ചു. ഭർത്താവും മലയാളിയുമായ വെങ്കട്ടരാമനുമായുള്ള ദാമ്പത്യ പ്രശ്നമാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.

ജനുവരി 8ന് ഗോവയിൽ നിന്നു ബെംഗളൂരുവിലേക്ക് സൂചന ടാക്സി കാറിൽ യാത്ര ചെയ്യുന്നതിനിടെ ചിത്രദുർഗ പൊലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഡിക്കിയിലുണ്ടായിരുന്ന ബാഗിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് ഗോവ പൊലീസിനു കൈമാറുകയായിരുന്നു.

സുചനയും മകനും താമസിച്ച മുറി വൃത്തിയാക്കുന്നതിനിടയിൽ ജീവനക്കാർ ചോരക്കറ കണ്ടതോടെയാണ് സംഭവം വെളിച്ചത്ത് വന്നു തുടങ്ങിയത്. പൊലീസ് വന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സുചന അപ്പാർട്ട്മെന്റിൽ നിന്ന് ഇറങ്ങുമ്പോൾ കൂടെ മകൻ ഇല്ലായിരുന്നെന്ന് കണ്ടെത്തി. തുടർന്ന് സുചന സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ പൊലീസ് ബന്ധപ്പെട്ടു. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ അയ്മംഗല സ്റ്റേഷനിലാണ് സുചന അറസ്റ്റിലായത്.

കൽക്കത്ത സർവ്വകലാശാലയിൽ നിന്ന് പ്ലാസ്മ ഫിസിക്സിൽ എംഎയുണ്ട് സുചനയ്ക്ക്. 2008ൽ ഫസ്റ്റ് ക്ലാസോടെ പാസ്സായി. പിന്നീട് സംസ്കൃതത്തിൽ പിജി ഡിപ്ലോമ എടുത്തു. രാമകൃഷ്ണമിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൽക്കത്തയിൽ നിന്നായിരുന്നു ഇത്. തന്റെ പഠനകാലത്ത് ക്വിസ് മത്സരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സുചന.

ഒരു എഐ സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒയാണ് സുചന സേത്ത്. ബെംഗളൂരുവിലാണ് മൈൻഡ്ഫുൾ എഐ ലാബ് എന്ന കമ്പനി പ്രവർത്തിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി ഈ കമ്പനിയെ നയിക്കുന്നത് സുചനയാണ്. ഹാർവാർഡ് സർവ്വകലാശാലയിലെ എഐ ഗവേഷണകേന്ദ്രമായ ബെർക്മാൻ ക്ലെയിൻ സെന്ററിൽ ഇവർ രണ്ടുവർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ധാര്‍മ്മികതയും ഭരണനിർവ്വഹണവും മറ്റുമായിരുന്നു മേഖല.

ബെംഗളൂരുവിലെ ബൂമെറാംങ് കൊമേഴ്സിൽ സീനിയർ ഡാറ്റാ അനലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട് സുചന സേത്ത്. ഇവിടെ നിന്ന് പുറത്തിറങ്ങിയാണ് മൈൻഡ്ഫുൾ എഐ ലാബ് സ്ഥാപിച്ചത്. സുചനയ്ക്ക് ഭര്‍ത്താവുമായുള്ള ബന്ധം വളരെ മോശമായിരുന്നു. ഇതാണ് കൊലപാതകത്തിനു പിന്നിലെ പ്രേരണയായി പൊലീസ് പ്രാഥമികമായി മനസ്സിലാക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. 2020ൽ വിവാഹമോചനം നടന്നിരുന്നു.

ഞായറാഴ്ചകളിൽ ഭർത്താവിന് കുഞ്ഞിനെ കാണാൻ ചെല്ലാനുള്ള അനുവാദം കോടതി നൽകിയിരുന്നു. എന്നാൽ ഭര്‍ത്താവ് കുഞ്ഞിനെ സന്ദർശിക്കുന്നത് സുചനയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പതിയെ കുഞ്ഞിനെ തന്നിൽ നിന്ന് അടർത്തിയെടുക്കുമോയെന്ന് സുചന ഭയന്നു. ഇതോടെ കുഞ്ഞിനെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് സുചന എത്തിച്ചേരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button