ബെംഗളൂരു: കർണാടക നിയമസഭയുടെ ഇടനാഴിയിൽ പാക് മുദ്രാവാക്യം വിളിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ഡൽഹി സ്വദേശി ഇൽതാജ്, ബെംഗളൂരു സ്വദേശി മുനവർ,ഹാവേരി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തത്. ഫോറസ്റൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നു ബെംഗളൂരു സെൻട്രൽ ഡിസിപി അറിയിച്ചു
രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് സയിദ് നസീർ ഹുസൈന്റെ അനുയായികളാണ് അറസ്റ്റിലായ മൂന്നു പേരും. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ മാർച്ച് ആറിന് വീണ്ടും കോടതിയിൽ ഹാജരാക്കും. ഫെബ്രുവരി 27ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈൻ വിജയിച്ചതിൻ്റെ ആഘോഷത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു .
ഇത് കൂടാതെ, രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച നസീർ ഹുസൈനെ തോളിലേറ്റി കർണാടക നിയമസഭ മന്ദിരത്തിന്റെ ഇടനാഴിയിലൂടെ ആഹ്ലാദ പ്രകടനം നടത്തിയവർക്കിടയിൽ നിന്ന് പാക് അനുകൂല മുദ്രാവാക്യം ഉയർന്നെന്ന പരാതിയിൽ ആയിരുന്നു കേസ്.
ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യയുടെ എക്‌സ് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയും ശബ്ദ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു
Post Your Comments