KeralaLatest News

പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കി പ്രവർത്തിക്കുന്ന എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഡോ. കെ എസ് രാധാകൃഷ്ണൻ

നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി സഖ്യമുണ്ടാക്കി പ്രവർത്തിക്കുന്ന എസ് എഫ് ഐ എന്ന സംഘടനയെ നിരോധിക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഡോ. കെ എസ് രാധാകൃഷ്ണൻ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ആവശ്യം.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

എസ്. എഫ്. ഐയെ നിരോധിക്കണം നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി സഖ്യമുണ്ടാക്കി പ്രവർത്തിക്കുന്ന എസ് എഫ് ഐ എന്ന സംഘടനയെ നിരോധിക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണം. സർവ്വകലാശാലകളിൽ ഇടിമുറികളും കൊലയറകളും ഒരുക്കിയാണ് ഈ സഖ്യം പ്രവർത്തിക്കുന്നത്. വൈസ് ചാൻസലറും ഡീനും ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഇടിമുറികൾക്കും കൊലയറകൾക്കും കാവൽ നില്കുന്നു. ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത് മറ്റാരുമല്ല സർവ്വകലാശാല ചാൻസലർ ആണ് എന്നത് സംഭവത്തിൻെ ഗുരുതരാവസ്ഥ വെളിവാക്കുന്നു.

സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ ആൾകൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു കൊല്ലുന്നതിനു അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർ കാഴ്ചക്കാരായി നോക്കിനിന്നു എന്നാണ് കേൾവി. ഈ സംഭവം അറിഞ്ഞിട്ടും വി സി എം ആർ ശശീന്ദ്രനാഥൻ, ഡീൻ എം കെ നാരായണൻ, രജിസ്ട്രാർ എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും എടുത്തില്ല. നിയമവും ചട്ടവും അനുസരിച്ച് സർവ്വകലാശാല ഭരണം നടത്തുക എന്നതാണ് വി സി യുടെ പ്രാഥമിക കർത്തവ്യം. അക്കാര്യത്തിൽ വീഴ്ച വരുത്തിയ വി സിയെ ചാൻസലർ സസ്പെൻറ് ചെയ്ത നടപടി ഉചിതം.

വി സിയ്ക്ക് എതിരെ നടപടി എടുക്കുന്നതിനു മുൻപ് തന്നോട് ആലോചിച്ചില്ല എന്ന് പ്രോ ചാൻസലർ ചിഞ്ചു റാണി പരാതി പറഞ്ഞു. ഒന്നുമറിയാത്ത പാവമാണ് ചിഞ്ചുറാണി എന്നുവേണം കരുതാൻ. കാരണം, പ്രോ ചാൻസലർക്ക് സർവ്വകലാശാല ഭരണത്തിൽ ഒരു അധികാരവും ഇല്ല എന്ന കാര്യം അവർക്കു അറിയില്ല എന്ന് തോന്നുന്നു. ഇക്കാര്യം മന്ത്രിയെ ആരെങ്കിലും ബോദ്ധ്യപ്പെടുത്തണം. അല്ലെങ്കിൽ ഇനിയും അവർ അബദ്ധം പറഞ്ഞുകൊണ്ടിരിക്കും.

വി സി പറയുന്നത്, തന്നെ ആരും ഇക്കാര്യം അറിയിച്ചില്ല എന്നാണ്. ഡീൻ എം കെ നാരായണൻ പറയുന്നത് തന്നെ ഇതൊന്നും ആരും അറിയിച്ചില്ല എന്നാണ്. അവിടെ എന്താണ് നടക്കുന്നത് എന്ന് കൃത്യമായി അറിയാൻ ബാധ്യസ്ഥനാണ് നാരായണൻ. കാരണം , ഹോസ്റ്റലിന്റെ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇത്രക്ക് കുപ്രസിദ്ധമായ കാര്യം തൻ്റെ സർവ്വകലാശാലയിൽ നടന്നത് അറിയാതിരിക്ക തക്കവിധമുള്ള നിഷ്കളങ്കരാണ് വി സി എം ആർ ശശീന്ദ്രനാഥനും ഡീൻ എം കെ നാരായണനും എന്ന് വിശ്വസിക്കാൻ പ്രയാസം.
അവർ രണ്ടു പേരും കറതീർന്ന വിപ്ലവകാരികളാണ്.

വിദ്യാർത്ഥി സഖാക്കളുടെ വിപ്ലവ വീറിൽ ഉന്മത്തരാകുന്നവരുമാണ്. മാത്രമല്ല വിദ്യാർത്ഥി സഖാക്കളുടെ ഔദാര്യം കൊണ്ടുകൂടിയാണ് അവർക്കു രണ്ടുപേർക്കും ആ പദവികൾ കിട്ടിയതും. കുറ്റവാളികൾക്ക് എതിരെ സ്വമേധയ നിയമ നടപടി സ്വീകരിക്കാൻ ബാധ്യസ്ഥരായ വി സി ശശീന്ദ്രനാഥനും ഡീൻ നാരായണനും അങ്ങനെ ചെയ്യാതിരുന്നത് അവരുടെ പാർട്ടിക്കൂർ കൊണ്ടാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ശശീന്ദ്രനാഥനും നാരായണനും തൽസ്ഥാനങ്ങളിൽ എത്തിച്ചേർന്നതും അവർ പാർട്ടിക്കുവേണ്ടി അടിമപ്പണി
ചെയ്തിരുന്നതുകൊണ്ടാണ്.

വിദ്യാർത്ഥി സംഘടനയുടെ ധാർഷ്ട്യമാണ് ഈ പ്രശ്നങ്ങൾക്ക് കാരണം എന്ന ഒരു ഒഴുക്കൻ പ്രസ്താവന നടത്താനും വി സി മറന്നില്ല. ആരുടേയും ധാർഷ്ട്യത്തിനു വഴങ്ങാതെ നിയമവും ചട്ടവും അനുസരിച്ച് സർവ്വകലാശാല ഭരിക്കുക എന്നതാണ് തന്റെ കടമ എന്ന കാര്യം അദ്ദേഹം മറന്നു. മാത്രമല്ല നാളുകളായി എസ് എഫ് ഐക്കാരും മാർക്സിസ്റ്റു പാർട്ടിക്കാരും അവിടെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തെ കുറിച്ച് അറിവുള്ളവരാണ് ഇവർ രണ്ടുപേരും. പാർട്ടി അടിമകളായി ജീവിക്കുന്ന ഇത്തരം അക്കാദമിക്കന്മാരാണ്, തങ്ങളിൽ നിക്ഷിപ്‌തമായിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാതെ, സർവകലാശാലകളെ കൊലക്കളമാക്കി മാറ്റുന്നത്.

വി സി വീണ്ടും പറയുന്നു: തന്നോട് ഒരു വാക്കും ചോദിക്കാതെയാണ് ചാൻസലർ തന്നെ സസ്പെൻഡ് ചെയ്തത്. ഡീൻ ,രജിസ്ട്രാർ എന്നിവരെ സസ്പെൻഡ് ചെയ്യാൻ താൻ ഉത്തരവ് നല്കികൊണ്ടിരിക്കെയാണ് താൻ സസ്പെൻഡ് ചെയ്യപ്പെട്ടത്. ഈ ആൾക്കൂട്ട കൊലയിലെ പങ്കാളികളാണ് രണ്ടുപേരും എന്നകാര്യം അവർ മറച്ചുവെക്കുന്നു. നാരായണനാകട്ടെ കുറ്റകൃത്യത്തെ ലഘൂകരിക്കാനും തെളിവ് നശിപ്പിക്കാനും മൂടിവെയ്ക്കാനും ശ്രമിക്കുന്ന ക്രിമിനൽ മനസുള്ളവനാണ് എന്നാണ് തെളിയുന്നത്. ഇത്തരക്കാർ സമൂഹത്തിൽ സ്വതന്ത്രരായി വിഹരിക്കുന്നത് സമൂഹത്തിൽ അരക്ഷിതത്വം ഉണ്ടാക്കും. അതുകൊണ്ടു, ഇവരെകൂടി പ്രതി ചേർത്തു കേസെടുക്കുകയും അവരെ ഇരുമ്പഴിക്കുള്ളിൽ പൂട്ടുകയും വേണം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

shortlink

Related Articles

Post Your Comments

Related Articles


Back to top button