കോഴിക്കോട്: പ്രമുഖ രാഷ്ട്രീയ കൊലപാതക കേസുകളിൽ ദുരൂഹ മരണമെന്നാരോപിച്ച് വീണ്ടും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസംഗം. സിപിഎം നേതാക്കൾ പ്രതികളായ കേസുകളാണ് ഇതിനായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഫസൽ കേസിലെ കാരായി ചന്ദ്രശേഖരനെയും രാജനെയും പ്രതിയാക്കിയതിൽ അന്വേഷണ ഉദ്യോസ്ഥൻ കെ രാധാകൃഷ്ണനെ പെണ്ണുകേസിൽ കുടുക്കി.
ഷൂക്കൂർ വധക്കേസിലെ പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. മൻസൂർ കേസിലെ രണ്ടാമത്തെ പ്രതി രതീഷ് ആത്മഹത്യ ചെയ്തു.ടി പി കേസിൽ പിടിയിലായ കുഞ്ഞനന്തനും സി എച്ച് അശോകനും മരിച്ചു. കുഞ്ഞനന്തൻ മരിക്കുമ്പോൾ കണ്ണൂർ സെൻട്രൽ ജയിലിരിക്കുന്ന സ്ഥലത്തെ എംഎൽഎ ആയിരുന്നു താൻ. ജയിലിലെങ്ങനെ ഒരാൾക്ക് മാത്രം ഭക്ഷ്യവിഷബാധയേൽക്കും?
അച്ഛന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുഞ്ഞനന്തന്റെ മകൾക്ക് ധൈര്യമുണ്ടോ എന്നും ഷാജി ചോദിച്ചു. കോഴിക്കോട് പാലേരിയിൽ നടന്ന പൊതുയോഗത്തിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം.
പി കെ കുഞ്ഞനന്തൻ്റെ മരണത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കെ എം ഷാജി നേരത്തെയും രംഗത്തെത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് കെഎംസിസി ഖത്തർ മലപ്പുറം ജില്ലാ കമ്മറ്റിയുടെ പരിപാടിയിലായിരുന്നു ഷാജി നേരത്തെ ആരോപണം ഉന്നയിച്ചത്.
‘കണ്ണൂർ സെൻട്രൽ ജയിലിൽ എല്ലാവർക്കും ഒരുമിച്ചാണ് ഭക്ഷണം. കുഞ്ഞനന്തൻ്റെ ഭക്ഷണത്തിൽ മാത്രം എങ്ങനെ വിഷം വന്നു? കുഞ്ഞനന്തന് ജയിലിൽ നിന്ന് എങ്ങനെ ഭക്ഷ്യവിഷബാധ ഉണ്ടായി എന്നതിൽ മറുപടി പറയണം’, എന്നാണ് കെ എം ഷാജി ആവശ്യപ്പെട്ടത്.
Post Your Comments