കഴക്കൂട്ടം: കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിലെ ജല അതോറിറ്റിയുടെ പഴയ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം ആരുടെതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. സമീപത്ത് നിന്ന് കണ്ടെത്തിയിരുന്ന ലൈസൻസ് തലശ്ശേരിക്കാരനായ 29 വയസ്സുള്ള അവിനാഷ് ആനന്ദിന്റേതാണ്. മരിച്ചത് അവിനാഷ് തന്നെ ആണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അസ്ഥികൂടം പുരുഷന്റേതാണെന്ന് കണ്ടെത്തി. ഒരു വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടത്തിനു സമീപത്തു നിന്നു ഡ്രൈവിങ് ലൈസൻസ്, തൊപ്പി, കണ്ണട, ടൈ, ബാഗ്, ഷർട്ട് എന്നിവ കണ്ടെടുത്തിരുന്നു.
അവിനാഷിന്റെ കുടുംബം വർഷങ്ങളായി ചെന്നൈയിലാണ്. ഐടി ജോലിയിൽ പ്രവേശിച്ച ശേഷം വീട്ടുകാരുമായി അവിനാഷിനു ബന്ധമുണ്ടായിരുന്നില്ലെന്നാണു തലശ്ശേരിയിലെ ബന്ധുക്കൾ പറയുന്നത്. കഴക്കൂട്ടത്തു ജോലി ചെയ്തിരുന്നുവെന്നേ ഇവർക്കറിയൂ. അവിനാഷിനെ 2017ൽ ചെന്നൈയിൽ നിന്നു കാണാതായതായി അവിടെ പൊലീസിൽ പരാതിയുണ്ട്. ചെന്നൈയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
ക്യാംപസിൽ 20 വർഷമായി ഉപയോഗശൂന്യമായിക്കിടക്കുന്ന പമ്പ് ഹൗസിനോടു ചേർന്ന് 15 അടി ആഴമുള്ള ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ടാങ്കിന്റെ മുകളിൽ നിന്ന് ഒരാൾക്ക് താഴേക്ക് ഇറങ്ങാവുന്ന ദ്വാരമുണ്ട് . ഇതിനോടു ചേർന്നുള്ള ഇരുമ്പു കോണിപ്പടി പ്ലാസ്റ്റിക് കയർ കൊണ്ടു കെട്ടിയ നിലയിലാണ്. ഈ ഏണിയിൽ കെട്ടിയ പ്ലാസ്റ്റിക് കയറും കഴുത്തിൽ കുടുക്കിട്ടതെന്നു തോന്നിപ്പിക്കുന്ന കുരുക്ക് കയറിന്റെ തുമ്പിലുമുണ്ട്.
സാഹചര്യത്തെളിവുകൾ ആത്മഹത്യയിലേക്കാണു വിരൽ ചൂണ്ടുന്നതെങ്കിലും അപായപ്പെടുത്തിയതാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല.
Post Your Comments