കൽപ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കൾ. കൊല്ലപ്പെടും മുന്‍പ് യുവാവ് നേരിട്ടത് സമാനതകളില്ലാത്ത ആക്രമണം. രണ്ടാം വര്‍ഷ ബിവിഎസ്‌സി വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ നിരവധി അടയാളങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സിദ്ധാര്‍ത്ഥിനെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തന്റെ മകൻ ആത്മഹത്യ ചെയ്തതല്ലെന്നും കൊന്ന് തൂക്കിയതാണെന്നും മാതാപിതാക്കൾ ആരോപിച്ചു.
വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന സംശയം കുടുംബത്തിനും സഹപാഠികള്‍ക്കും നിലനില്‍ക്കുന്നു. തൂങ്ങി മരിച്ചതിന്റെ പാടുകള്‍ക്ക് പുറമേ സിദ്ധാര്‍ത്ഥിന്റെ കഴുത്തില്‍ രണ്ട് ദിവസം പഴക്കംചെന്ന മുറിവും ഉണ്ടായിരുന്നു. ഇതിന് പുറമേ വയറിലും നെഞ്ചിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനത്തിന്റെ അടയാളങ്ങളുണ്ട്. കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു സംഘം സിദ്ധാര്‍ത്ഥിനെ ഇലക്ട്രിക് വയര്‍ കൊണ്ട് മര്‍ദ്ദിച്ചതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. ഇലക്ട്രിക് വയറിന് പുറമേ ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകളും ശരീരത്തുണ്ടായിരുന്നു. സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ കാല്‍പ്പാടുകളും തള്ള വിരലിന്റെ അടയാളങ്ങളും കണ്ടെത്തിയിരുന്നു.
കസേരയില്‍ ഇരുത്തി മര്‍ദ്ദിച്ച ശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാകാനുള്ള സാധ്യതകളുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. 12 പേരാണ് നിലവില്‍ കേസിലെ പ്രതികളെങ്കിലും കൂടുതല്‍ പേര്‍ സിദ്ധാര്‍ത്ഥിനെ ആക്രമിച്ചതായാണ് സൂചന. ഈ മാസം 15ന് തിരുവനന്തപുരത്തേക്ക് തിരിച്ച സിദ്ധാര്‍ത്ഥിനെ എറണാകുളത്ത് എത്തിയപ്പോഴേക്കും പ്രതികള്‍ കോളേജിലേക്ക് തിരികെ വിളിപ്പിച്ചു. 16ന് കോളേജിലെത്തിയ സിദ്ധാര്‍ത്ഥിനെ തുടരെയുള്ള മൂന്ന് ദിവസം ക്രൂരമായി പ്രതികള്‍ മര്‍ദ്ദിച്ചു. മൂന്ന് ദിവസം വിദ്യാര്‍ത്ഥിയ്ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരിച്ച നിലയില്‍ സിദ്ധാര്‍ത്ഥിനെ കാണപ്പെട്ട ദിവസം പകലും സിദ്ധാര്‍ത്ഥിനെ 13 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നതായാണ് വിവരം.
അതേസമയം, പ്രതികളെ അധ്യാപക സംഘടന നേതാക്കളുടെ പിന്‍ബലത്തില്‍ സംരക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനല്‍ സംഘമായാണ് എസ്എഫ്‌ഐയെ സിപിഎം വളര്‍ത്തിക്കൊണ്ട് വരുന്നത്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്നില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
‘അവൻ അങ്ങനെ ചെയ്യില്ല. ഞങ്ങളുടെ പൊന്നുമോനെ അവരെല്ലാം ചേർന്ന് അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണ്. അവൻ കൊല്ലപ്പെടുന്നതിനു 2 മണിക്കൂർ മുൻപ് ഫോണിൽ സംസാരിച്ചതാണ്. അവന്റെ സംസാരത്തിൽ ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ പോകുന്നതിന്റെ ഒരു സൂചനയും ഇല്ലായിരുന്നു’, സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ പറഞ്ഞു.
Leave a Comment