ഗാസിയാബാദ്: ഹണിമൂൺ യാത്രയ്‌ക്കിടെ യുവാവിന് ഹൃദയാഘാതം മരണപ്പെട്ടതിന് പിന്നാലെ വിഷമം സഹിക്കാൻ കഴിയാതെ ഭാര്യയും ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് കുടുംബം. ഗാസിയബാദിൽ നിന്നുള്ള ദമ്പതികളായ അഭിഷേക് ആലുവാലി, ഭാര്യ അഞ്ജലി എന്നിവരാണ് മരണപ്പെട്ടത്. അഭിഷേകും അഞ്ജലിയും നവംബർ 30നാണ് വിവാഹിതരായത്. അഭിഷേകിന്റെ മരണത്തെ തുടർന്ന് മനോവിഷമത്തിലായിരുന്ന അഞ്ജലിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സാധിച്ചിരുന്നില്ല. ഇവരുടെ കണ്ണ് തെറ്റിയ സമയം കൊണ്ടായിരുന്നു അഞ്ജലി കടംകൈ ചെയ്തത്.
വിവാഹത്തിന് ശേഷം മധുവിധുവിനായി ഇരുവരും ഡൽഹിയിൽ എത്തിയിരുന്നു. മൃഗശാല സന്ദർശിക്കുന്നതിനിടയിലാണ് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഗുരു തേജ് ബഹാദൂർ ആശുപത്രിയിലും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലും യുവാവിനെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വൈശാലിയിലെ അപ്പാർട്ട്മെന്റിൽ എത്തിച്ച മൃതദേഹത്തെ അഞ്ജലിയും അനുഗമിച്ചിരുന്നു. വീട്ടിലെത്തിയതിന് ശേഷം അഭിഷേകിന്റെ മൃതദേഹത്തെ അഞ്ജലി ഏറെ നേരം നോക്കി ഇരുന്നുവെന്നും ആ സമയം അവളുടെ മനസ്സിൽ ആത്മഹത്യ ആയിരുന്നു ഉണ്ടായിരുന്നതെന്ന് തങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ലെന്നും ബന്ധുക്കൾ കണ്ണീരോടെ പറയുന്നു.
നിർവികാര മനസ്സോടെ കഴിഞ്ഞിരുന്ന അഞ്ജലി ആരോടും പറയാതെ റൂമിൽ കയറി വാതിലടച്ചു. ശേഷം ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. എന്തോ ശബ്ദം കേട്ട് പരിശോധന നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ ആണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അഞ്ജലി ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
‘മൃതദേഹം വീട്ടിലെത്തിച്ച ശേഷം അവൾ അതിനടുത്തിരുന്നു കുറെ നേരം കരഞ്ഞു. എന്നിട്ട് അവൾ പെട്ടെന്ന് എഴുന്നേറ്റ് അവളുടെ റൂമിൽ കയറി വാതിലടച്ചു. അധികം വൈകാതെ വാതിൽ തുറന്ന് ബാൽക്കെണിയിലേക്ക് ഓടി. ചാടാൻ പോകുകയാണെന്ന് എനിക്ക് തോന്നി. ഞാൻ അവളുടെ പിന്നാലെ ഓടി, പക്ഷേ എനിക്ക് അവളെ പിടിക്കാൻ കഴിയും മുമ്പ് അവൾ താഴേക്ക് ചാടി’, അഭിഷേകിൻ്റെ ബന്ധു ബബിത പറഞ്ഞു.
മൃഗശാലയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്കാണ് അഭിഷേകിനെ ആദ്യം കൊണ്ടുപോയതെന്ന് മറ്റൊരു ബന്ധുവായ സഞ്ജീവ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഇന്ദിരാപുരം എസിപി സ്വതന്ത്ര സിംഗ് അറിയിച്ചു. അപ്രതീക്ഷിതമായ നഷ്ടം പ്രിയപ്പെട്ടവരിൽ ഉണ്ടാക്കിയേക്കാവുന്ന അഗാധമായ ആഘാതത്തിൻ്റെ ഒരു ഓർമ്മപ്പെടുത്തലാണ് ഈ ദാരുണമായ സംഭവമെന്ന് പോലീസ് അറിയിച്ചു. ഹൃദയഭേദകമായ ഈ സംഭവവുമായി ബന്ധപ്പെട്ട പ്രസക്തമായ എല്ലാ വിശദാംശങ്ങളും കണ്ടെത്താൻ പ്രാദേശിക അധികാരികൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്.
25 കാരൻ്റെ ദാരുണമായ മരണം, ഹൃദയാഘാതത്തിന് കീഴടങ്ങുന്ന യുവാക്കളുടെ എണ്ണത്തിലെ ഭയാനകമായ വർദ്ധനവിന് വീണ്ടും ശ്രദ്ധ നൽകുന്നുണ്ട്. ഗർബ ഇവൻ്റുകൾ മുതൽ വിവാഹ ഘോഷയാത്രകൾ വരെ ജിമ്മുകൾ വരെ, യുവാക്കൾ കുഴഞ്ഞുവീഴുകയും പിന്നീട് ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞ രണ്ട് വർഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments