KeralaLatest News

മീനും ഇറച്ചിയുമെല്ലാം ഉൾപ്പെടുത്തി അടിപൊളി ഭക്ഷണം, ആളെണ്ണം കൂടുതലും: കേരളത്തിലെ ജയിലുകളിൽ ഭക്ഷണച്ചെലവ് വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ഭക്ഷണച്ചെലവ് വർധിക്കുന്നു. മത്സ്യവും മാംസവുമൊക്കെ ഉൾപ്പെടുത്തി ജയിൽഭക്ഷണം മെച്ചപ്പെടുത്തിയതും തടവുകാരുടെ എണ്ണം വർധിച്ചതുമാണ് ഭക്ഷണച്ചെലവ് വർധിക്കാൻ കാരണമായത്. ഇതോടെ ബജറ്റിൽ ജയിലുകൾക്കായി വകയിരുത്തിയ തുകയും തികയാതെ വന്നിരിക്കുകയാണ്. ബജറ്റ് വിഹിതം തികയാതെ വന്നതോടെ ജയിലുകൾക്ക് 2.4 കോടിരൂപ കൂടി ധനവകുപ്പ് അനുവദിച്ചിരിക്കുകയാണ്.

ബജറ്റിൽ 27.50 കോടിരൂപയാണ് ജയിലുകൾക്കായി നീക്കിവെച്ചത്. ഇത് തികയില്ലെന്നുവന്നതോടെ അധികപണം ആവശ്യപ്പെട്ട് ജയിൽമേധാവി സർക്കാരിനെ സമീപിച്ചു. ഇതോടെ ട്രഷറി നിയന്ത്രണത്തിനു ഇളവുവരുത്തി പണം നൽകാൻ ധനവകുപ്പ് തീരുമാനിച്ചു. ബജറ്റ് വിഹിതത്തിനു പുറമേയാണ് പണം നൽകിയത്. രണ്ടുകോടിരൂപ ഭക്ഷണത്തിനും 40 ലക്ഷം വൈദ്യുതിബിൽ അടയ്ക്കാനും വിനിയോഗിക്കാനാണ് നിർദേശം.

തിരുവനന്തപുരം പൂജപ്പുര, തൃശ്ശൂർ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ, നെട്ടുകാൽത്തേരി തുറന്ന ജയിൽ എന്നിവയടക്കം സംസ്ഥാനത്ത് 54 ജയിലുകളുണ്ട്. എല്ലായിടത്തുമായി 6017 തടവുകാരെ ഉൾക്കൊള്ളാനാണ് ശേഷി. എങ്കിലും 8350-ലധികംപേരെ പാർപ്പിച്ചിട്ടുണ്ട്. അതിൽ 4393 പേർ റിമാൻഡ് തടവുകാരും 2909 പേർ ശിക്ഷാത്തടവുകാരും 950 പേർ വിചാരണ നേരിടുന്നവരുമാണ്.

മത്സ്യവും മാംസവുമൊക്കെ ഉൾപ്പെടുത്തി ജയിൽഭക്ഷണം മെച്ചപ്പെടുത്തിയതോടെ ചെലവ് കുതിച്ചുയർന്നെന്നാണ് ജയിലധികൃതർ പറയുന്നത്. കോടതിനടപടികളിലെ കാലതാമസം, ശിക്ഷാ ഇളവ് നൽകുന്നതിലെ കുറവ്, ലഹരിയടക്കമുള്ള കേസുകളുടെ വർധന തുടങ്ങിയ കാരണങ്ങൾനിമിത്തം തടവുകാരുടെ എണ്ണം കൂടുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button