കോഴിക്കോട്: മലപ്പുറം എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. ഊര്‍ക്കടവ് സ്വദേശി സിദ്ദീഖലി(48)ക്കെതിരേയാണ് കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കരാട്ടെ ക്ലാസിനെത്തുന്ന ആൺകുട്ടികളോട് പോലും സിദ്ദീഖലി മോശമായി പെരുമാറിയെന്നും ‘ബ്രെയിന്‍ വാഷ്’ ചെയ്ത ശേഷമാണ് ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്നും യുവതി പറയുന്നു. മാതൃഭൂമിയോടായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.
രണ്ടു വര്‍ഷം മുന്‍പ് സിദ്ദീഖലിയുടെ കരാട്ടെ ക്ലാസില്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മാതാവാണ് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്. മലപ്പുറം സ്വദേശിനിയാണ് ഇവർ. സിദ്ദീഖലി നേരത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ യുവതി സാമൂഹിക മാധ്യമത്തിലൂടെ സമാനവെളിപ്പെടുത്തല്‍ നടത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഈ സംഭവമെന്നാണ് യുവതി പറയുന്നത്. അന്നത്തെ കേസെല്ലാം തീര്‍ത്ത് സിദ്ദീഖലി വീണ്ടും കരാട്ടെ ക്ലാസ് ആരംഭിക്കുകയും കുട്ടികളെ ഉപദ്രവിക്കുന്നത് തുടര്‍ന്നെന്നുമാണ് യുവതി പറയുന്നത്.
അതേസമയം, കേസിൽ ഇയാളെ കോടതി റിമാൻഡ് ചെയ്തു. മഞ്ചേരി പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.
Post Your Comments