വാഷിംഗ്ടൺ: അമേരിക്കൻ ബഹിരാകാശ പേടകമായ ഒഡീഷ്യസ് ലാൻഡിംഗിനിടെ മറിഞ്ഞ് വീണതായി കണ്ടെത്തൽ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ് പേടകത്തെ കണ്ടെത്തിയിരിക്കുന്നത്. ചരിഞ്ഞിട്ടുണ്ടെങ്കിലും ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറാൻ പേടകത്തിന് സാധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അര നൂറ്റാണ്ടിന് ശേഷം ചന്ദ്രനിൽ എത്തിയ അമേരിക്കയുടെ സ്വകാര്യ ബഹിരാകാശ പേടകം കൂടിയാണ് ഒഡീഷ്യസ്.
വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4:30നാണ് ഒഡീഷ്യസ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് ഏതാണ്ട് 300 കിലോമീറ്റർ അകലെ മൽപോർട്ട് എ എന്ന ഗർത്തത്തിലാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. എന്നാൽ, ലാൻഡിംഗിന്റെ അവസാന മിനിറ്റുകളിൽ പേടകവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. തുടർന്ന് ബാക്കപ്പ് ഗൈഡൻസ് സംവിധാനത്തിലേക്ക് മാറുകയും, മിനിറ്റുകൾക്ക് ശേഷം ആശയവിനിമയം പുനസ്ഥാപിക്കുകയുമായിരുന്നു.
പേടകം ഒരു വശത്തേക്ക് ചരിഞ്ഞതിനാൽ സോളാർ പാനലുകളെല്ലാം മുകളിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്. പേടകത്തിലെ ആന്റിനകൾ താഴേക്ക് തിരിഞ്ഞു കിടക്കുന്നതിനാൽ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. അതേസമയം, നാസയുടെ ലൂണാർ റിക്കനൈസൻസ് ഓർബിറ്റർ ഉപയോഗിച്ച് ഒഡീസിയയുടെ ചിത്രം പകർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് ഒരാഴ്ചക്കകം പൂർത്തിയായേക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments