KeralaLatest NewsNews

ആറ്റുകാൽ പൊങ്കാല: ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി കെഎസ്ഇബി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കെഎസ്ഇബി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ട്രാൻസ്‌ഫോർമറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂവെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ഒരു കാരണവശാലും ട്രാൻസ്‌ഫോർമർ സ്റ്റേഷന്റെ ചുറ്റുവേലിക്ക് സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികൾ സൂക്ഷിക്കുകയോ ചെയ്യരുത്. വൈദ്യുതി പോസ്റ്റിന് ചുവട്ടിൽ പൊങ്കാലയിടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ട്രാൻസ്‌ഫോർമറുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടരുത്. ഗുണനിലവാരമുള്ള വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഉപയോഗിച്ചു മാത്രമേ വൈദ്യുതി കണക്ഷനെടുക്കാവൂ. വൈദ്യുതി ദീപാലങ്കാരങ്ങൾ അംഗീകൃത കോൺട്രാക്റ്റർമാരെ മാത്രം ഉപയോഗിച്ച് നിർവ്വഹിക്കേണ്ടതാണ്. ലൈറ്റുകൾ, ദീപാലങ്കാരങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹ ബോർഡുകൾ എന്നിവയിൽ കൂടി വൈദ്യുതി ദീപാലങ്കാരങ്ങൾ നടത്തുവാൻ പാടില്ല. വൈദ്യുതി പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനർ, പരസ്യബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കരുത്. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകൾ ഉപയോഗിക്കരുത്. വൈദ്യുതി പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാൻ പാടില്ല. പൊങ്കാല ഇടുന്നവരും പൊങ്കാല മഹോത്സവത്തിൽ പങ്കാളികളാവുന്നവരും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button