തിരുവനന്തപുരം : തിരുവനന്തപുരം കരിക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന്‍ അറസ്റ്റില്‍. ഷിഹാബുദ്ദീന്‍ യുവതിക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത് തടഞ്ഞുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാള്‍ക്കെതിരെ നേരത്തെയും പരാതികളുയര്‍ന്നിരുന്നു. അക്യൂപങ്ചറിന്റെ മറവില്‍ ഷിഹാബുദ്ദീന്‍ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബര്‍ മാസത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. മരിച്ച യുവതിയുടെ ഭര്‍ത്താവ് നയാസ് റിമാന്റിലാണ്. നരഹത്യാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവം എടുക്കുന്നതിനിടെയാണ് പാലക്കാട് സ്വദേശിനി ഷമീന രക്തസ്രാവത്തെ തുടര്‍ന്നു മരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടാന്‍ ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ നിര്‍ദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീന. മൂന്ന് മക്കള്‍ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെയാണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാന്‍ ശ്രമിച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു. നേമം പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments