സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. താപനില ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ 6 ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ 6 ജില്ലകളിലും സാധാരണ താപനിലയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം.
എറണാകുളം, തൃശ്ശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ ഏറ്റവും ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ സൂര്യാഘാതത്തിനുള്ള സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. നിലവിൽ, സൂര്യഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം പുനക്രമീകരിച്ചിട്ടുണ്ട്. പകൽ 12 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ തൊഴിലാളികൾ വിശ്രമിക്കേണ്ടതാണ്. ഏപ്രിൽ 30 വരെയാണ് തൊഴിലാളികളുടെ സമയം ഇത്തരത്തിൽ പുനക്രമീകരിച്ചിരിക്കുന്നത്.
Also Read: ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു
Post Your Comments