Latest NewsKerala

വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ചത് ഭർത്താവിന്റെ പിടിവാശി മൂലം: നൽകിയത് അക്യുപങ്ചർ ചികിത്സ

നേമം: ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച പാലക്കാട് സ്വദേശിനി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മയായ ഷമീറ ബീവി(36) അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ, യുവതിക്കു നൽകിയത് അക്യുപങ്ചർ ചികിത്സരീതിയെന്ന് പോലീസ് വ്യക്തമാക്കി. പ്രസവത്തിനിടയിൽ അമ്മയ്‌ക്കൊപ്പം നവജാത ശിശുവും മരിച്ചിരുന്നു. ആദ്യ പ്രസവങ്ങൾ സിസേറിയനായതിനാൽ ആധുനിക ചികിത്സ തേടാതെ വീട്ടിൽ പ്രസവിക്കാൻ ഭർത്താവ് പൂന്തുറ സ്വദേശി നയാസ്, ഷമീറയെ നിർബന്ധിച്ചതായും പൊലീസ് വെളിപ്പെടുത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്.

പ്രസവസമയത്ത് ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണ് യുവതിയെ ചികിത്സിച്ചതെന്നാണു വിവരം. എന്നാൽ ആധുനിക ചികിത്സ നൽകാൻ ആവശ്യപ്പെട്ട ആരോഗ്യ പ്രവർത്തകരോടു നയാസ് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. ഷമീറ ഇതിനു മുൻപ് രണ്ടു കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരുന്നു. ഇതു രണ്ടും സിസേറിയനിലൂടെയായിരുന്നു. ഇതിനു പിന്നാലെ മൂന്നാമതും ഗർഭിണിയായപ്പോൾ ആധുനിക ചികിത്സ വേണ്ടെന്നും അക്യുപങ്ചർ ചികിത്സ മതിയെന്നും ഭർത്താവ് നയാസാണ് തീരുമാനിച്ചത്.

അതേസമയം, നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ ബീവിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാളുടെ ആദ്യഭാര്യയിലെ മകൾ അക്യുപങ്‌ചർ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറ ബീവിയുടെ പ്രസവസമയത്ത് ഈ മകളും സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ഇവർ ഉൾപ്പെടെ പ്രസവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ബന്ധുക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്നിലാണ് സംഭവം. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതെ മാസങ്ങളോളമായി ഇവർ ഇവിടെ കഴിഞ്ഞുവരികയായിരുന്നു. പൂർണഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യ പ്രവർത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും വിവരമറിയിച്ചു. അവർ ഇടപെട്ടെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയാറായില്ല. ഇന്നലെ പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി.

തുടർന്ന് ബോധരഹിതയായ ഇവരെ നാട്ടുകാർ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പൊലീസ് ഭർത്താവ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. രാത്രിയോടെ ഇവർ താമസിച്ചിരുന്ന വാടക വീട് പൊലീസ് സീൽ ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button