വേനൽക്കാലം എത്തുന്നതിന് മുൻപേ വിയർത്തൊലിച്ച് കേരളം. ഇന്ന് 6 ജില്ലകളിലാണ് കൊടും ചൂടിനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, എറണാകുളം, തൃശൂർ, കണ്ണൂർ, ആലപ്പുഴ, കോട്ടയം കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില അനുഭവപ്പെടുന്നതാണ്.എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
നിലവിലെ താപനിലയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് ഓരോ ജില്ലയിലും അനുഭവപ്പെടുക. ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് തൃശ്ശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ്. ഈ പ്രദേശത്ത് 37 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. അതേസമയം, കൊച്ചി വിമാനത്താവളത്തിൽ 32.8 ഡിഗ്രി സെൽഷ്യസ് തപനിലയാണ് അനുഭവപ്പെട്ടത്. ഇതാണ് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
Also Read: പിടിതരാതെ കടുവ, പുൽപ്പള്ളിയിൽ തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്
ചൂട് ക്രമാതീതമായി ഉയരുന്നത് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ചൂടിനെ ചെറുത്തുനിൽക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ദാഹമില്ലെങ്കിലും ഇടവേളകളിൽ ശുദ്ധജലം കുടിക്കുന്നത് ശീലമാക്കുക.
Post Your Comments