തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആരെന്ന് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. രണ്ട് വയസുകാരിയെ കണ്ടെത്തിയ സ്ഥലത്ത് പൊലീസും സയന്റിഫിക് സംഘവും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ കുട്ടിയെ കിട്ടിയ സ്ഥലത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരു സ്ത്രീ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അറപ്പുര റസിഡൻസ് അസോസിയേഷനിലെ ഒരു വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സ്ത്രീ നടന്നുപോകുമ്പോൾ വസ്ത്രത്തിൽ പൊതിഞ്ഞ് ഒരു കുഞ്ഞിനെ കയ്യിൽ വച്ചിരിക്കുന്നതായി കാണുന്നുണ്ട്. എന്നാൽ, തിരിച്ച് പോകുമ്പോൾ കയ്യിൽ കുട്ടിയില്ല. സമീപപ്രദേശത്ത് താമസിക്കുന്ന ആരെങ്കിലും ആണോ ഇതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംശയം മാത്രമാണെന്നും നിരവധി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
കാണാതായ സ്ഥലത്തിന് 300 മീറ്റർ അകലെയുള്ള പൊന്തക്കാട്ടിൽ നിന്നാണ് ഇന്നലെ രാത്രിയോടെ കുട്ടിയെ കണ്ടെത്തിയത്. പൊലീസും ഡോഗ് സ്‌ക്വാഡും ഇവിടെ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇനി ഇവിടെ നിന്നും തെളിവുകൾ ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഈ പൊന്തക്കാട്ടിലേക്ക് എത്താൻ സാദ്ധ്യതയുള്ള എല്ലാ സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
വഴിയരികിൽ കിടന്നുറങ്ങിയ കുട്ടിയെ പുലർച്ചെയാണ് കാണാതാകുന്നത്. അപ്പോൾ തന്നെ ഈ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. നേരം പുലർന്നുകഴിഞ്ഞാൽ സമീപപ്രദേശങ്ങളിൽ ജനങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാൽ സ്ഥലത്ത് കുട്ടിയെ ഉപേക്ഷിക്കാൻ ബുദ്ധിമുട്ടാണ്. ക്ഷീണം കാരണം ബോധരഹിതയായ കുട്ടി അവിടെയുണ്ടെന്ന് ആരും ശ്രദ്ധിച്ചിരുന്നില്ല. നാടോടി സംഘത്തിലേക്കും അന്വേഷണം നീളുന്നുണ്ട്.
Post Your Comments