മറാഠ സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ. വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും മറാഠ സമുദായത്തിൽ ഉള്ളവർക്ക് സംവരണം നൽകുന്ന ബില്ലാണ് മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠേന പാസാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിന് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ അംഗീകാരം ലഭിച്ച ശേഷം ഗവർണർ ഒപ്പിടുന്നതോടെ നിയമമായി മാറും. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഫെബ്രുവരി 16ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമസഭ ബിൽ പാസാക്കിയിരിക്കുന്നത്.
മഹാരാഷ്ട്രയുടെ ആകെ ജനസംഖ്യയുടെ 28 ശതമാനമുള്ള മറാഠകൾ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരവുമായി പിന്നാക്ക അവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സർക്കാർ ജോലികളിലും മറാഠ വിഭാഗങ്ങളിലെ ആളുകളുടെ പ്രാതിനിധ്യം കുറവാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന 94 ശതമാനം കർഷകരും മറാഠ വിഭാഗങ്ങളിൽ ഉള്ളവരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കാർഷിക വരുമാനത്തിൽ ഇടിവ്, ഭൂമിയുടെ വിഭജനം, യുവാക്കൾക്ക് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്തത് എന്നീ കാരണങ്ങളെ തുടർന്ന് മറാഠ വിഭാഗക്കാർ സമൂഹത്തിന്റെ പല തലങ്ങളിൽ നിന്നും പിന്നാക്കം നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള ബിൽ പാസാക്കിയിരിക്കുന്നത്.
Post Your Comments