വയനാട്: ആളക്കൊല്ലി കാട്ടാന ബേലൂര്‍ മോഴയെ തേടിയുള്ള ആറാം ദിവസത്തെ തിരച്ചിലും നിരാശയില്‍ അവസാനിച്ചു. പനവല്ലിക്ക് സമീപം കുന്നുകളില്‍ തമ്പടിച്ച ആന, വൈകീട്ടാണ് നിരപ്പായ സ്ഥലത്തേക്ക് നീങ്ങിയത്. ആര്‍ആര്‍ടിയും വെറ്റിനറി ടീമും കാട്ടില്‍ മോഴയെ കാത്തിരുന്നിട്ടും മയക്കുവെടി വെയ്ക്കാന്‍ പാകത്തിന് കിട്ടിയില്ല. ഡോക്ടര്‍ അരുണ്‍ സക്കറിയ ഇന്ന് രാവിലെ മുതല്‍ ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. കര്‍ണാടക എലിഫന്റ് സ്‌ക്വാഡും കാട്ടില്‍ തെരച്ചിലിനൊപ്പമുണ്ട്. നാളെ രാവിലെ ദൗത്യം വീണ്ടും തുടങ്ങും. രാത്രി ആന ജനവാസ മേഖലയില്‍ എത്താതെ ഇരിക്കാന്‍ നിരീക്ഷണം ഒരുക്കിയിട്ടുണ്ട്.
Read Also: കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം, പൂട്ടിച്ച അക്കൗണ്ടുകള്‍ തല്‍ക്കാലം ഉപയോഗിക്കാന്‍ അനുമതി
അതേസമയം, കാട്ടാനയാക്രമണത്തില്‍ പരിക്കേറ്റ വയനാട് കുറുവ ദ്വീപിലെ ജീവനക്കാരന്‍ പോള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ഉടനെയായിരുന്നു മരണം. പോളിന്റെ നെഞ്ചിനാണ് ചവിട്ട് കിട്ടിയത്. വാരിയെല്ലിനും പരിക്കേറ്റിരുന്നു. പുല്‍പ്പള്ളി പാക്കം സ്വദേശിയായ പോളിനെ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാന ആക്രമിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു.
Post Your Comments