തിരുവനന്തപുരം: മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവമുണ്ടായി അഞ്ചര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് ഡ്രൈവര്‍ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി പൊലീസ് എഴുതി തള്ളി. പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനെയാണ് മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദ്ദിച്ചത്.
Read Also: മരട് കൊട്ടാരം ക്ഷേത്രം: വെടിക്കെട്ടിന് അനുമതിയില്ല, അപേക്ഷ തള്ളി ജില്ലാ കലക്ടർ
കനകുന്നില്‍ പ്രഭാത സവാരിക്ക് എത്തിയപ്പോള്‍ കഴുത്തിന് പിന്നില്‍ മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി. വീട്ടുകാരുടെ ഭാഗത്തുനിന്നും നേരിട്ട പീഡനങ്ങള്‍ സംബന്ധിച്ച് സുധേഷ് കുമാറിനോട് നേരത്തെ പരാതി പറഞ്ഞതിന്റെ പ്രതികാരമായിരുന്നു മര്‍ദ്ദനമെന്നായിരുന്നു പൊലീസ് ഡ്രൈവറുടെ പരാതി. മര്‍ദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്.
സംസ്ഥാന പൊലീസിലെ ദാസ്യവൃത്തിയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഇത്. പൊലീസുകാരന്‍ ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഡ്രൈവര്‍ ജാതിപ്പേര് അധിക്ഷേപിച്ചുവെന്ന പരാതി ഡിജിപിയുടെ മകളും നല്‍കി. ഇതില്‍ ഡ്രൈവര്‍ ഗവാസക്കര്‍ക്ക് എതിരെയും കേസെടുത്തു. രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറി.
ഗവാസ്‌ക്കറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിക്കാന്‍ പല ശ്രമങ്ങളും നടന്നെങ്കിലും പരാതി പിന്‍വലിക്കാതെ കുറ്റപത്രം നല്‍കണമെന്നാവശ്യപ്പെട്ട് ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു വര്‍ഷം മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി ക്രൈം ബ്രാഞ്ച് എസ് പി കുറ്റപത്രം ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിക്കായി നല്‍കി. ഈ റിപ്പോര്‍ട്ട് നിയമോപദേശത്തിന് അയച്ചു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നായിരുന്നു നിയമോപദേശം.
ഡിജിപിയുടെ കുടുംബത്തോടൊപ്പം സ്വകാര്യ യാത്രക്ക് പോയതിനാല്‍ ഡ്യൂട്ടി തടസ്സപ്പെടുത്തിതായി കണക്കാന്‍ കഴിയില്ലെന്നായിരുന്നു നിയമോപദേശം. കൈകൊണ്ട് മര്‍ദ്ദിച്ച വകുപ്പ് മാത്രമാണ് അപ്പോള്‍ ബാക്കിയായത്. കൈകൊണ്ട് മര്‍ദ്ദിച്ചതിന് മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പു ചുമത്താന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇത് വാങ്ങാതെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് റിപ്പോര്‍ട്ട് വൈകിപ്പിച്ചു. ഹൈക്കോടതി വീണ്ടും ഇടപ്പെട്ടതോടെയാണ് അനുമതി വാങ്ങി ഒടുവില്‍ കുറ്റപത്രം കോടതിയില്‍ നല്‍കിയത്.
Post Your Comments