ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് ബെംഗളൂരു നഗരത്തിൽ മദ്യ നിരോധനം ഏർപ്പെടുത്തി. ഫെബ്രുവരി 17 വരെയാണ് മദ്യ നിരോധനം. ഇത് സംബന്ധിച്ച ഉത്തരവ് അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ.എ ദയാനന്ദ് പുറത്തിറക്കിയിട്ടുണ്ട്. കർണാടക ലെജിസ്ട്രേറ്റീവ് കൗൺസിൽ ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനും, വോട്ടെടുപ്പ് നടക്കുമ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് മദ്യ നിരോധനം ഏർപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് 5 മണി മുതലാണ് ഉത്തരവ് പ്രാബല്യത്തിലായത്. ഇതിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഫെബ്രുവരി 17ന് രാവിലെ 6 മണി വരെയാണ് മദ്യ നിരോധനം. പോലീസ് കമ്മീഷണറുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിലെല്ലാം നിരോധനം ബാധകമാണ്. ഫെബ്രുവരി 20നാണ് വോട്ടെണ്ണൽ. അന്നേദിവസവും മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നാല് ദിവസത്തോളം മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ ഏകദേശം 3700-ലധികം സ്ഥാപനങ്ങളെ ഇവ ബാധിക്കുമെന്നും, ഇത് സംസ്ഥാനത്തിന് 300 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ബെംഗളൂരു സിറ്റി ഡിസ്ട്രിക്ട് ലിക്വിർ ട്രേഡേഴ്സ് അസോസിയേഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ മുഴുവൻ ജനങ്ങളും വിദ്യാസമ്പന്നരാണെന്നും, അവർ ഉചിതമായ ഇടപെടൽ നടത്തുമെന്നും, മദ്യം നിരോധിക്കേണ്ട ആവശ്യമില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
Also Read: ഭാര്യയുടെ തല അറുത്തെടുത്ത് ബസ് സ്റ്റോപ്പിൽ കൊണ്ടുവെച്ച് മണിക്കൂറുകളോളം അടുത്തിരുന്ന് ഭർത്താവ്
Post Your Comments