കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ജാഫർ ഭീമന്റവിടയാണ് എൻഐഎയുടെ പിടിയിലായത്. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജാഫർ ഭീമന്റവിട ഒളിവിൽ കഴിയവെ കണ്ണൂരിലെ വീട്ടിൽനിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
എൻഐഎ സംഘവും കേരള പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജാഫർ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡുകൾക്ക് ആയുധപരിശീലനം നൽകിയിരുന്നത് ജാഫറാണെന്നാണ് എൻഐഎ കണ്ടെത്തൽ.
‘2047-നകം കേരളത്തിൽ ഇസ്‍ലാമിക ഭരണം കൊണ്ടുവരുന്നതിനായി വിവിധയിടങ്ങളിലും വിവിധ വ്യക്തികളെ കേന്ദ്രീകരിച്ചും ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ടെന്ന’ കേസിലാണ് ഭീമന്റവിട ജാഫറിനെ എൻഐഎ പിടികൂടിയത്. കേസിൽ അറസ്റ്റിലാകുന്ന 59–ാമത്തെ വ്യക്തിയാണ് ജാഫർ. ആകെ 60 പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
വിവിധ സമുദായങ്ങളിലെ അംഗങ്ങളെയും നേതാക്കളെയും വധിക്കാൻ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പിഎഫ്ഐ ഹിറ്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു പരിശീലനം നൽകി എന്നതിനു തെളിവുകൾ ലഭിച്ചതായി എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
Post Your Comments