പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിപേർ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജയപ്രകാശാണ് അറസ്റ്റിലായത്. ഇടുക്കി കമ്പംമേട് സ്വദേശി ആണിയാൾ.
നിരവധി പേര്‍ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകിയിരുന്നു. പ്രതികളായ 18 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ഡിവൈഎഫ്ഐ നേതാവും കെഎസ്ഇബി ജീവനക്കാരനും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുള്‍പ്പെടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഡിവൈഎഫ്ഐ പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസ് ഇന്നലെ ഡി വൈ എസ് പി ഓഫീസിൽ കീഴടങ്ങുകയായിരുന്നു.
സ്കൂളിൽ പോകാൻ പെൺകുട്ടി വിസമ്മതിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയായികരുന്നു. സ്കൂൾ അധികൃതർ ഇടപെട്ട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സ്കൂൾ അധികൃതർ ഉടൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു.
ഇൻസ്റ്റഗ്രാം വഴി താൻ ആദ്യം ഒരാളെ പരിചയപ്പെടുകയും ഇയാൾ മറ്റുള്ള സുഹൃത്തുക്കൾക്ക് തൻ്റെ ഫോൺ നമ്പർ കൈമാറുകയും ചെയ്തതായാണ് പെൺകുട്ടി മൊഴി നൽകിയത്. താൻ പീഡനത്തിന് ഇരയായതായും പെൺകുട്ടി മൊഴി നൽകി. തൻ്റെ നഗ്ന ചിത്രങ്ങൾ പ്രതികൾ പ്രചരിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിരുന്നു. സിഡബ്ല്യുസി പൊലീസിൽ വിവരം അറിയിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിൽ ഒരാൾ പതിനെട്ട് വയസ്സിന് താഴെയുള്ള ആളാണെന്നും സൂചനയുണ്ട്.
Post Your Comments