‘ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷുകാരുടെ പണം വാങ്ങി’: സന്ദീപ് വാര്യർ

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തെ ഒറ്റുക്കൊടുക്കാന്‍ ബ്രിട്ടനില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം തുടങ്ങിയ പ്രസിദ്ധീകരണമാണ് ദേശാഭിമാനിയെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംഘടിപ്പിച്ച ‘ബഹുസ്വരത ‘ എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു സന്ദീപ് വാര്യരുടെ പരാമർശം. ഇതിനെതിരെ സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രംഗത്തെത്തി. പരാമര്‍ശം ശുദ്ധ അസംബന്ധമാണെന്നും പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.

‘ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്നാണ് പ്രവര്‍ത്തന സ്വാതന്ത്ര്യം കിട്ടിയത്? ആദ്യഘട്ടത്തില്‍ ഹിറ്റ്‌ലര്‍ക്കൊപ്പമായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. ഹിറ്റ്‌ലര്‍ റഷ്യയെ ആക്രമിച്ചപ്പോള്‍ റഷ്യയുടെ നിര്‍ബന്ധം കൊണ്ട് ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി. അതിന്റെ ഭാഗമായാണ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചത്. രാജ്യത്തെ ഒറ്റുകൊടുത്തതിന് ബ്രിട്ടനില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് അഞ്ചു പ്രസിദ്ധീകരണങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയത്. അതിലൊന്നാണ് ദേശാഭിമാനി. അല്ലാതെ പാലോറ മാതയുടെ പശുവിനെ വിറ്റ പണം കൊണ്ട് തുടങ്ങിയതല്ല’, സന്ദീപ് പറഞ്ഞു.

ഉടൻ പരാമർശം പിൻവലിക്കണമെന്ന് ഗോവിന്ദൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും ഇതിനെല്ലാം തെളിവുകളുണ്ടെന്നും സന്ദീപും വാദിച്ചു. പങ്കെടുത്ത കോണ്‍ഗ്രസ്സ് നേതാവ് എം.എം.ഹസ്സനും ഗോവിന്ദന്റെ പക്ഷത്തായിരുന്നു. ദേശാഭിമാനായി വിഷയത്തിൽ സന്ദീപ് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് പോയതിന് ശേഷമാണ് ദേശാഭിമാനി സ്ഥാപിച്ചതെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.

Share
Leave a Comment