Latest NewsKeralaIndia

‘ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കും, ആരുടെയും പൗരത്വം കളയാനല്ല സിഎഎ’- അമിത്ഷാ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇ.ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടേയും പൗരത്വം എടുത്തുകളയാനല്ല പൗരത്വ നിയമംഭേദഗതി ചെയ്തത്. പൗരത്വം നൽകാൻ ആണെന്നും അദ്ദേഹം പറഞ്ഞു.

‘സിഎഎ ഉത്തരവ് തിരഞ്ഞെടുപ്പിന് മുമ്പായി വരും. ആര്‍ക്കും അതില്‍ യാതൊരു സംശയവും വേണ്ട. ആരുടേയും പൗരത്വം എടുത്തുകളയാനല്ല പൗരത്വ നിയമംഭേദഗതി ചെയ്തത്, പൗരത്വം നല്‍കാനാണ്. സിഎഎ സംബന്ധിച്ച് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിഎഎയില്‍ ആരുടേയും പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ല. ബംഗ്ലാദേശിലും പാകിസ്താനിലും അഫ്ഗാനിസ്താനിലും പീഡനം അനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ളതാണ് സിഎഎ’, അമിത് ഷാ പറഞ്ഞു.

സിഎഎ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍, അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരുന്നു. ഇപ്പോളവര്‍ പിന്‍മാറിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലത്തേക്കുറിച്ച് ആര്‍ക്കും സംശയത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ അമിത് ഷാ, കോണ്‍ഗ്രസും സഖ്യപാര്‍ട്ടികളും പ്രതിപക്ഷ ബെഞ്ചിലിരിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പാര്‍ട്ടികള്‍ വരുംദിനങ്ങളില്‍ എന്‍ഡിഎയില്‍ ചേരുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

1947-ലെ രാജ്യ വിഭജനത്തിന് ഉത്തരവാദികളായ നെഹ്‌റുവിന്റെ ഇളമുറക്കാര്‍ക്ക് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടുപോകാന്‍ ധാര്‍മികതയില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

‘രാഹുല്‍ ഗാന്ധിക്ക് ഒരു നയമുണ്ട്, പരസ്യമായി കള്ളം പറയുകയും വീണ്ടും വീണ്ടും അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതി പറയുമ്പോള്‍, കോണ്‍ഗ്രസിന് വിഭാഗവും ജാതിയും തമ്മിലുള്ള വ്യത്യാസം അറിയാമോ എന്ന് എനിക്ക് സംശയമുണ്ട്. താന്‍ ഒബിസി ആണെന്നും ഒബിസി ഒരു ജാതിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരുപക്ഷെ, രാഹുല്‍ ഗാന്ധിയുടെ അധ്യാപകര്‍ അദ്ദേഹത്തോട് ഇത് പറഞ്ഞിട്ടില്ലായിരിക്കാം. പ്രധാനമന്ത്രിയുടെ ജാതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് അങ്ങേയറ്റം സങ്കടകരമാണ്’, അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button