KeralaLatest NewsNews

മുതലാളിത്ത സമൂഹത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ അതിന്റെ സ്വാഭാവിക സ്വാധീനമുണ്ടാകാം: കെ കെ ശൈലജ

തിരുവനന്തപുരം: മുതലാളിത്ത സമൂഹത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ അതിന്റെ സ്വാഭാവിക സ്വാധീനമുണ്ടാകാമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായി കെ കെ ശൈലജ. പുരുഷാധിപത്യ സമീപനങ്ങൾക്കെതിരെയും തുല്യതയ്ക്കായും പാർട്ടി ഘടകങ്ങൾക്കുള്ളിൽ ശക്തമായി സംസാരിക്കാറുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘ സ്ത്രീകൾ നിർമിച്ച കേരളം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ശൈലജ ഇക്കാര്യം അറിയിച്ചത്. എഴുത്തുകാരി സാറാ ജോസഫും ചർച്ചയിൽ പങ്കെടുത്തിരുന്നു.

ആണധികാരത്തിന്റെ അപക്വമായ ഇടപെടലുകൾ കാരണം സ്ത്രീകൾ കേരളത്തെ നിർമിച്ചിട്ടില്ലെന്ന് സാറാ ജോസ്ഫ് പറഞ്ഞു. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സ്ത്രീകൾ മുന്നോട്ട് വരണം. ഇവിടെ മാത്രമല്ല, ലോകമെങ്ങുമുള്ള സ്ത്രീകൾ തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. സ്വകാര്യസ്വത്തിന്റെ ആവിർഭാവത്തോടെയാണ് സ്ത്രീകൾക്ക് പരിഗണന ലഭിക്കാതെയാകുന്നത്. മലബാറിൽ ഒരു കാലത്ത് സ്ത്രീകളുടെ അവസ്ഥ ഗ്രീസിലെ അടിമകളേക്കാൾ ഭീകരമായിരുന്നുവെന്ന് ഇവിടെയുണ്ടായിരുന്ന ജർമൻ എഴുത്തുകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ഏറെ പോരാട്ടങ്ങൾ നടന്നു. അതിൽ നിന്ന് നേടിയെടുത്ത അവകാശങ്ങൾ, വീണ്ടും ഇരുളിലേക്ക് പോകുന്ന സ്ഥിതിയാണിപ്പോൾ രാജ്യത്തെന്നും ഇവർ അഭിപ്രായപ്പെട്ടു.

സിപിഎം എക്കാലവും സ്ത്രീപക്ഷ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. പാർട്ടിയിൽ 2000 ലേറെ ബ്രാഞ്ച് സെക്രട്ടറിമാർ വനിതകളാണ്. മന്ത്രിയെന്ന നിലയിൽ ഒരു നിർണായക ഘട്ടത്തിൽ ഞാനുണ്ടായിരുന്നു എന്നേയുള്ളൂ. മറ്റൊരു പ്രത്യേകയും കാണുന്നില്ല. തനിക്ക് മുമ്പ് ഗൗരിയമ്മയും സുശീലാ ഗോപാലനും, പി കെ ശ്രീമതിയുമൊക്കെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. ആശയപരമായ ഭിന്നതയുണ്ടെങ്കിലും മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെയൊന്നാകെ ഭരിച്ചില്ലേ. സ്ത്രീകളെ ഉത്തരവാദിത്തം ഏൽപ്പിച്ചാൽ ഭംഗിയായി കൈകാര്യം ചെയ്യും എന്നതിന് ഉദാഹരണങ്ങളാണിവ. ഉത്തരവാദിത്തം ഏൽപ്പിച്ചാൽ ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും ഏറ്റെടുക്കാൻ സ്ത്രീകൾ മുന്നോട്ടുവരണമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button