തിരുവനന്തപുരം: പി.എസ്.സി.പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമം. പി.എസ്.സി.അധികൃതര്‍ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആള്‍മാറാട്ടം നടത്തിയാള്‍ പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങിയോടി. പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്താണ് സംഭവം.
കേരള സര്‍വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടയിലാണ് ആള്‍മാറാട്ടം നടന്നത്. പരീക്ഷ കേന്ദ്രമായ പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ സ്‌കൂളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാളില്‍ കയറി ശേഷം ഗേറ്റടച്ചു. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പി.എസ്.സി വിജിലന്‍സ് വിഭാഗം ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാള പരിശോധന തുടങ്ങി. ആള്‍മാറാട്ടം തടയാനായിരുന്നു പരിശോധന. ഈ സമയം നേമം സ്വദേശി അമല്‍ജിത്തിന്റെ പേരില്‍ പരീക്ഷയെഴുതാനെത്തിയാള്‍ ഇറങ്ങിയോടുകയായിരുന്നു.
പരീക്ഷ ഹാളില്‍ നിന്നും മതില്‍ വഴിചാടിയാണ് ആള്‍മാറാട്ടം നടത്തിയാള്‍ രക്ഷപ്പെട്ടത്. അടുത്തിടെയാണ് പി.എസ്.സി ബയോമെട്രിക് പരിശോധന തുടങ്ങിയത്. പുറത്തേക്ക് കടന്നയാളിനെ ബൈക്കിലെത്തിയ ഒരാള്‍ കൊണ്ടുപോയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അമല്‍ജിത്തിനെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments