കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ ജൂലിയസ് നികിതാസ് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം വേണമെന്ന് ഗവര്‍ണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് ജൂലിയസ് ബോധപൂര്‍വം കാര്‍ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലീസിന്റെ നിഗമനം.
Read Also: കേരളത്തിന്റെ തലസ്ഥാനം ആകേണ്ടിയിരുന്നത് ഈ ജില്ല: സന്തോഷ് ജോർജ് കുളങ്ങര
ഞായറാഴ്ച രാത്രി 8 മണിയോടെ കോഴിക്കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് വച്ച് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വാഹന വ്യൂഹത്തിലേക്ക് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് സെന്‍ട്രല്‍ ഐബി അന്വേഷണം നടത്തുന്നത്.
സംഭവത്തെ കുറിച്ചും സംഭവത്തെ തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആക്ഷേപത്തെക്കുറിച്ചും ഐബി പരിശോധിക്കുന്നുണ്ട്. ഗോവ രാജ് ഭവന്‍ സിറ്റി പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നാണ് സൂചന.
എന്നാല്‍, ജൂലിയസ് ബോധപൂര്‍വം ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലിസിന്റെ വിലയിരുത്തല്‍. ഇതിനോടകം കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ ഇത് തെളിയിക്കുന്നുണ്ട് എന്നാണ് പോലീസിന്റെ വാദം. ജൂലിയസിന്റെ പ്രവര്‍ത്തി കൊണ്ട് ഗവര്‍ണറുടെ യാത്ര വൈകുകയോ വാഹന വ്യൂഹത്തിന് തടസം നേരിടുകയോ ചെയ്തിട്ടില്ല. പൊലീസ് നിര്‍ദ്ദേശം പാലിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മോട്ടോര്‍ വാഹന നിയമം 179 പ്രകാരം ജൂലിയസിന് 1000 രൂപ പിഴയിട്ടത്.
അതേസമയം, സംഭവസമയം ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജു കെ എബ്രഹാമുമായി വാക്കേറ്റം ഉണ്ടായതായി ജൂലിയസ് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു.
Post Your Comments