ഇരുപതാം പിറന്നാളിന്റെ നിറവിൽ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്. 2004-ലാണ് മാർക്ക് സക്കർബർഗ് ഫേസ്ബുക്കിന് തുടക്കമിടുന്നത്. 20 വർഷങ്ങൾക്ക് ശേഷം ആഗോള സാങ്കേതികവിദ്യാ ഭീമന്മാരിൽ മുൻനിരയിലുള്ള സ്ഥാപനവും, അതിശക്തമായ സോഷ്യൽ മീഡിയ കമ്പനി കൂടിയുമാണ് ഫേസ്ബുക്ക്. ഇപ്പോഴിതാ കഴിഞ്ഞ 20 വർഷക്കാലയളവിൽ ഫേസ്ബുക്കിലെ ഓർമ്മകളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സക്കർബർഗ്.
സക്കർബർഗ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ 2004-ലെ പ്രൊഫൈൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ ഏകദേശം 10 ലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് നേടാൻ സാധിച്ചത്. അക്കാലത്ത് തരംഗമായിരുന്ന മൈസ്പേസിനെ പോലും മറികടക്കാൻ ഫേസ്ബുക്കിന് സാധിച്ചിട്ടുണ്ട്. 2012-ൽ ഫേസ്ബുക്കിന്റെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 100 കോടിയായാണ് ഉയർന്നത്. 2023ന്റെ അവസാനം എത്തുമ്പോഴേക്കും 211 കോടി ഉപഭോക്താക്കളുമായി ഫേസ്ബുക്ക് മുൻനിരയിൽ തന്നെയുണ്ട്.
മെറ്റാ പ്ലാറ്റ്ഫോംസ് എന്ന മാതൃസ്ഥാപനത്തിന്റെ കീഴിലാണ് ഇപ്പോൾ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ ആപ്പുകൾ പ്രവർത്തിക്കുന്നത്. ഫേസ്ബുക്കിന് പുറമേ, ഇൻസ്റ്റഗ്രാം, മെസഞ്ചർ, വാട്സ്ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ഉള്ളത്. 2023-ന്റെ നാലാം പാദത്തിലെ കണക്കുകൾ വിലയിരുത്തുമ്പോൾ മുഴുവൻ ആപ്ലിക്കേഷനുകൾക്കും കൂടി 319 കോടി സജീവ ഉപഭോക്താക്കളാണ് ഉള്ളത്. മെറ്റയുടെ മൂല്യം അതിവേഗം കുതിക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ അഞ്ചാമനാണ് സക്കർബർഗ്.
Post Your Comments