ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകിയതിൽ രൂക്ഷവിമർശനവുമായി സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ്. ബാബ്‍റി മസ്ജിദ് പൊളിച്ച കേസിൽ പ്രതിയായിരുന്ന ഒരാളാണ് എൽ കെ അദ്വാനിയെന്നും ബാബ്റി മസ്ജിദ് പൊളിച്ചത് ഹീനമായ കുറ്റകൃത്യമെന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചതാണെന്നും സിപിഐ ചൂണ്ടിക്കാണിച്ചു.
ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ എഴുതപ്പെട്ട ഭരണഘടനയെ തകർക്കാനാണ് സംഘപരിവാറിന്‍റെ ശ്രമമെന്ന് പറഞ്ഞ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ്, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും വ്യക്തമാക്കി. എന്ത് വില കൊടുത്തും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിക്കുമെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.
സീറ്റ് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യ മുന്നണിയിലെ പാർട്ടികളുമായി ചർച്ച നടത്തി ഏതെല്ലാം സീറ്റുകളിൽ മത്സരിക്കണമെന്ന് തീരുമാനിക്കും. ഓരോ സംസ്ഥാനങ്ങളിലെയും സഖ്യകക്ഷികളുമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് സീറ്റുകൾ തീരുമാനിക്കും. തമിഴ്നാട്ടിൽ ഡിഎംകെയുമായി ചർച്ച തുടങ്ങിയെന്നും സിപിഐ അറിയിച്ചു. സീറ്റ് ചർച്ചകൾക്ക് നേതൃത്വം നൽകാൻ മൂന്നംഗസമിതിയെ നിയോഗിച്ചു. ഡി രാജ തന്നെ സമിതിക്ക് നേതൃത്വം നൽകും.
Post Your Comments