KeralaLatest News

ആനപ്രേമികളുടെ മനസ്സിൽ നോവായി ‘കണ്ണീർ കൊമ്പൻ’

മാനന്തവാടി: ഇന്നലെ പുലർച്ചെ മുതൽ മാനന്തവാടി ന​ഗരത്തെ വിറപ്പിച്ച തണ്ണീർ കൊമ്പൻ ഇന്നു പുലർച്ചെ ആനപ്രേമികളുടെ മനസ്സിലെ നോവായി മാറിയിരിക്കുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച് പിടികൂടിയ ആന ഇന്ന് പുലർച്ചെയാണ് കർണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വച്ച് ചരിഞ്ഞത്. ആനയെ തുറന്നുവിട്ടതിന് പിന്നാലെയാണ് ദാരുണാന്ത്യം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. അതേസമയം, ആന ചരിയാനുണ്ടായ കാരണം ഇനിയും വ്യക്തമല്ല.

ഇന്നലെ പുലർച്ചെയാണ് വയനാട് ജില്ലയിലെ പായോട് ആനയെ ആദ്യം കണ്ടത്. തുടർന്ന് ആന മാനന്തവാടി ടൗണിലെത്തി. കഴിഞ്ഞ മാസം ബന്ദിപ്പുർ വനമേഖലയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിതെന്ന് സ്ഥിരീകരിച്ചു. പകൽ മുഴുവൻ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണ് നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിടുകയായിരുന്നു. ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തന്നെ തുറന്നു വിടുന്നതിന് കർണാടക വനംവകുപ്പ് അനുമതി നൽകിയിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് കർണാടകയ്ക്ക് കൈമാറി. ആനയെ അർധരാത്രിയോടെയാണ് ബന്ദിപ്പുർ വനത്തിൽ തുറന്നുവിട്ടത്. തുറന്നുവിട്ടതിനു പിന്നാലെ ആന ചരിഞ്ഞതായാണ് വിവരം. ആനയുടെ കാലിന് പരുക്കുണ്ടായിരുന്നുവെന്ന് ഇന്നലെ കർണാടകയിൽ നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആനയെ മയക്കുവെടി വച്ച് വാഹനത്തിൽ കയറ്റുന്ന സമത്തു തന്നെ തീർത്തും അവശനായിരുന്നു. എന്നാൽ എന്താണ് മരണ കാരണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തു വന്നിട്ടില്ല.

ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വെച്ചിരുന്നു. നേരത്തെ ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി ബന്ദിപ്പുർ വനത്തിൽ വിട്ടതായിരുന്നു തണ്ണീർക്കൊമ്പനെ. അവിടെ നിന്നാണ് മാനന്തവാടിയിൽ എത്തിയത്. ഇന്ന് പുലർച്ചയോടെയാണ് ആന ചരിഞ്ഞതായ വിവരം പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button