ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബഡ്ജറ്റ് അവതരണം ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിക്കും. തുടർച്ചയായ ആറാം തവണയാണ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇടക്കാല ബഡ്ജറ്റായതിനാൽ ഹ്രസ്വകാലത്തേക്കുള്ള പദ്ധതികളാണ് ഇന്ന് കൂടുതലായും പ്രഖ്യാപിക്കുക. നാരീ ശക്തിയുടെ ഉത്സവമാകും ഈ ബഡ്ജറ്റ് എന്ന സൂചന പ്രധാനമന്ത്രി ഇന്നലെ തന്നെ പങ്കുവെച്ചിരുന്നു. സസ്പെൻസുകൾ ഓരോന്നായി പ്രഖ്യാപിക്കുന്ന ബഡ്ജറ്റ് തൽസമയം കാണാനുള്ള അവസരവും കേന്ദ്രം ഒരുക്കിയിട്ടുണ്ട്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് ബഡ്ജറ്റ് അവതരണം തൽസമയം കാണാൻ കഴിയുക.
രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ബഡ്ജറ്റ് അവതരണം സൻസദ് ടിവി, ദൂരദർശൻ എന്നീ ചാനലുകളിൽ തൽസമയം സംപ്രേഷണം ചെയ്യും. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, സാമ്പത്തിക വെബ്സൈറ്റുകൾ എന്നിവിടങ്ങളിലും ബഡ്ജറ്റ് അവതരണം കാണാവുന്നതാണ്. ഇതിനുപുറമേ, നിരവധി വാർത്താ ചാനലുകളും കേന്ദ്ര ബഡ്ജറ്റ് അവതരണം തൽസമയം സംപ്രേഷണം ചെയ്യും. പേപ്പർലെസ് ബഡ്ജറ്റ് അവതരണമായതിനാൽ ജനങ്ങൾക്ക് ‘യൂണിയൻ ബഡ്ജറ്റ് മൊബൈൽ ആപ്പിൽ’ വിവരങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാകുന്നതാണ്. പാർലമെന്റിൽ കേന്ദ്ര ധനമന്ത്രി ബഡ്ജറ്റ് പ്രസംഗം പൂർത്തിയാക്കിയതിനുശേഷമാണ് ബഡ്ജറ്റ് രേഖകൾ മൊബൈൽ ആപ്പിൽ ലഭ്യമാകുക. www.indiabudget.gov.in എന്ന വെബ്സൈറ്റിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Post Your Comments